ജമ്മു കശ്‍മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകര ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്. സുരക്ഷ വിലയിരുത്താന്‍ കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്ത് ശ്രീനഗറില്‍ എത്തി.

അനന്തനാഗില്‍ ഏഴ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ അക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെന്ന് ജമ്മു കശ്‍മീര്‍ പൊലീസ് പറഞ്ഞു. പൊലീസിനെ ലക്ഷ്യം വെച്ച് നടത്തിയ അക്രമണമാണ് തീര്‍ത്ഥാടകരുടെ മരണത്തില്‍ കലാശിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. പാക് ഭീകരന്‍ അബു ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും കാശ്‍മീര്‍ ഐജി അറിയിച്ചു. പ്രദേശത്തെ സുരക്ഷ സംവിധാനം വിലയിരുത്താന്‍ കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്തിന്റെ അധ്യക്ഷതയില്‍ ഉന്നതലയോഗം ചേര്‍ന്നു. ആക്രണത്തില്‍ ഇരയായ നാല് പേരുടെ മൃതദേഹം സ്വദേശമായ ഗുജറാത്തില്‍ എത്തിച്ചു. കൊല്ലപ്പെട്ട മൂന്ന് പേര്‍ മഹാരാഷ്‌ട്ര സ്വദേശികളാണ്. മരിച്ചവരുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു സ്ഥിതിഗതിയെപ്പറ്റി ദേശീയ സുരക്ഷ ഉപദ്ദേഷ്‌ടാവ് അജിത്ത് ദോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിവരം കൈമാറി. സംഭവത്തെ അപലപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി, തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ജമ്മുകാശ്‍മീര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ട് അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്ന വിമര്‍ശനം പൊലീസിനു നേരെ ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് സ്‌ത്രീകളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തൊമ്പത് പേര്‍ക്ക് പരുക്കേറ്റു.