ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ സൈനിക ക്യാമ്പിൽ കടക്കാൻ ശ്രമിച്ച എല്ലാ ഭീകരരും രക്ഷപ്പെട്ടതായി സുരക്ഷാസേനകൾ വ്യക്തമാക്കി.ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ജൻബസ്പോരയിൽ ഇന്നലെ രാത്രി പത്തരയ്ക്കാണ് രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിനു നേരെ ആക്രമണം നടന്നത്. ബിഎസ്എഫിന്റെ ഒരു കമ്പനിയും ഈ ക്യാമ്പിലുണ്ടായിരുന്നു. ഝലം നദി കടന്ന് എത്തിയ ഭീകരർ ബിഎസ്എഫ് ജവാൻമാർ ഉണ്ടായിരുന്ന ബങ്കറിനു നേരെ ഗ്രനേഡ് എറിഞ്ഞു.
ആക്രമണത്തിൽ ഉത്തർപ്രദേശിലെ ഇട്ട സ്വദേശിയായ ബിഎസ്എഫ് ജവാൻ നിതിൻ ആണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ വധിച്ചു എന്നായിരുന്നു രാത്രിയിലെ റിപ്പോർട്ടുകളെങ്കിലും എല്ലാവരും രക്ഷപ്പെട്ടു എന്നാണ് പുലര്‍ച്ചെ വ്യക്തമായത്. ക്യാംപിനുള്ളിൽ കടക്കാനുള്ള ഭീകരരുടെ ശ്രമം ജവാൻമാർ ശക്തമായി ചെറുത്തു. ഇതോടൊപ്പം ജമ്മുകശ്മീരിലെ പൂഞ്ചിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടന്നു. രണ്ടിടത്തും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ച് ഭീകരരുടെ ശ്രമം തകർത്തു. പ്രതിരോധമന്ത്രി മനോഹർപരീക്കർ സേനാമേധാവികളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ആഭ്യന്ത്രമന്ത്രി രാജ്നാഥ്സിംഗ് ജമ്മുകശ്മീരിലെ ലേയിലെത്തി. ഏതാക്രമണത്തിനും സൈന്യം തിരിച്ചടി നല്കുമെന്ന് രാജ്നാഥ്സിംഗ് പറഞ്ഞു
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിക്ക് റിപ്പോർട്ടു നല്‍കി. അജിത് ഡോവൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു എന്നും സംഘർഷം നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് വെളിപ്പെടുത്തി. ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു. ഇന്ത്യ ഭീഷണി മുഴക്കുകയാണെന്നും തിരിച്ചടിക്ക് പാകിസ്ഥാൻ ഒരുക്കമാണെന്നും നവാസ് ഷെരീഫ് യോഗത്തിൽ പറഞ്ഞു.
