ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേര്‍ക്ക് ഭീകരരര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. രാത്രി പത്തരയോടെയാണ് വെടിവെയ്‌പ്പ് തുടങ്ങിയത്. 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പും ബിഎസ്എഫ് ക്യാമ്പും പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഭീകരാക്രമണം നടന്നത്.

രണ്ട് സംഘങ്ങളായി എത്തിയ എട്ടോളം ഭീകരര്‍ ആക്രമണം നടത്തിയതായാണ് പ്രാഥമിക വിവരം. സൈനിക ക്യാമ്പിനു നേര്‍ക്ക് ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സൈനികര്‍ തിരിച്ചടിച്ചതോടെ വെടിവെപ്പ് കനത്തു. ഭീകരര്‍ക്ക് ക്യാമ്പിനകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പ്രാഥമിക വിവരം. 

ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരു ബി.എസ്.എഫ് ജവാനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.