ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. 

ജമ്മു: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. പ്രദേശവാസിയായ ഒരു പെണ്‍കുട്ടി മരിച്ചു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി കൂടിക്കാഴ്ച്ച നടത്തും.

റംസാന്‍ കണക്കിലെടുത്ത് സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ പതിന്നാലാമത്തെ ഭീകരാക്രണമാണ് ഷോപ്പിയാനിലേത്. സംഭവത്തില്‍ പതിന്നാലുവയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. പൊലീസ് പോസ്റ്റിന് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും മൂന്ന് നാട്ടുകാര്‍ക്കുമാണ് പരിക്കേറ്റത്. ശ്രീനഗറില്‍ സേനയുടെ വാഹനമിടിച്ച് യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അഖ്നൂരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായി.

ശ്രീനഗറില്‍ ചില വിഘടനവാദി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. താഴ്‍വരയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും പതിനൊന്ന് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്.

വീടുകളിലേക്ക് തിരിച്ചെത്തിയ ആളുകളില്‍ ഭൂരിഭാഗവും സൈനിക ക്യാമ്പുകളില്‍ വീണ്ടും അഭയംപ്രാപിച്ചു. ഇന്ത്യയിലും പാകിസ്ഥാനിലും നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി. അതേസമയം, ജമ്മുകശ്മീര്‍ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി മെഹ്ബൂബ മുഫത്തിയുമായി ബുധനാഴ്ച്ച ചര്‍ച്ച നടത്തും.