എല്ലാവര്‍ക്കും പാഠപുസ്തകം കിട്ടി, പേരാമ്പ്ര ജിയുപിയില്‍ ഒഴികെ

കോഴിക്കോട്: സ്കൂൾ തുറക്കുംമുന്പേ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിയെങ്കിലും കോഴിക്കോട് പേരാന്പ്ര ജിയുപി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ ഇനിയും കാത്തിരിക്കണം. സ്റ്റോക്ക് മുറിയിൽ വെള്ളം കയറി പുസ്തകങ്ങൾ നനഞ്ഞതോടെ കുട്ടികൾക്ക് ഇവ വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് സ്കൂൾ അധികൃതർ.

സ്കൂളിൽ പാഠപുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ അവസ്ഥ പരിതാപകരമാണ്. പുസ്തകങ്ങൾ വെള്ളം കയറി നശിച്ചു. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള മുറിയിലായിരുന്നു പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്.

കെട്ടിടനിർമ്മാണത്തിനായി സ്ലാബ് മുറിച്ചുമാറ്റിയതോടെയാണ് മുറിയിലേക്ക് വെള്ളം കയറിതുടങ്ങിയത്. കഴി‍ഞ്ഞ ദിവസമാണ് മുറിയിൽ വെള്ളം കയറുന്നത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും പുസ്തകങ്ങൾ നനഞ്ഞുപൊതിര്‍ന്നിരുന്നു.സ്കൂൾ അധ്യാപകരുടെ അനാസ്ഥയിൽ രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. പുസ്തകങ്ങൾ ഉണക്കി ഉടൻ തന്നെ കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.