തായ് കുട്ടികളും അവരുടെ കോച്ചും സുഖം പ്രാപിച്ച് വരുന്നു വ്യാഴാഴ്ചയോടെ ഇവര്‍ക്ക് ആശുപത്രി വിടാനാകും

ബാങ്കോക്ക്: തായ്‍ലന്‍റിലെ ഗുഹയില്‍ കുടുങ്ങിയ 12 തായ് കുട്ടികളും അവരുടെ കോച്ചും സുഖം പ്രാപിച്ച് വരുന്നുവെന്നും വ്യാഴാഴ്ചയോടെ ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നും തായ് ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തായ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി‍. അത്ഭുതകരമായി ഇവരെ പുറത്തെത്തിച്ച രക്ഷാസംഘത്തിന് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ്. 

'ശാസ്ത്രത്തിന്‍റെ വിജയമെന്നാണോ അത്ഭുതമെന്നാണോ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. ഇനി മറ്റെന്തെങ്കിലും വിശേഷണമാണെങ്കില്‍ അങ്ങനെ', പതിമൂന്ന് പേരെയും പുറത്തെത്തിച്ച ശേഷം തായ്‍ലന്‍റ് നേവി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. അത്ഭുതം എന്നായിരുന്നു തായലന്‍റ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട തലക്കെട്ട്.

കുട്ടികള്‍ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ലാതെ ആയിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. 18 ദിവസങ്ങള്‍ ആണ് കുട്ടികള്‍ ഗുഹയില്‍ കുടുങ്ങി കിടന്നത്. രക്ഷാപ്രവര്‍ത്തകര്‍ അകത്ത് എത്തുന്നതിന് മുമ്പ് ഗുഹാഭിത്തിയിലെ വെള്ളം കുടിച്ചാണ് കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തിയത്. പതിനെട്ട് ദിവസങ്ങള്‍ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞ കുട്ടികളുടെ കണ്ണുകള്‍ ഇപ്പോഴും പകല്‍ വെളിച്ചത്തോട് അനുയോജ്യമായിട്ടില്ല. സണ്‍ഗ്ലാസുകള്‍ ധരിച്ച് ആശുപത്രിയില്‍ തുടരുന്ന കുട്ടികളെ കാണാന്‍ അച്ഛനമ്മമാര്‍ക്ക് ഒരാഴ്ച്ച കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ഡോകടര്‍മാര്‍ പറഞ്ഞു. 

ഗുഹാജീവിതത്തിനിടെ കുട്ടികളുടെ ഭാരം രണ്ട് കിലോയിലധികം കുറഞ്ഞു. ആദ്യം പുറത്തെത്തിച്ച നാല് കുട്ടികളുടെ ആരോഗ്യനില പൂര്‍ണ്ണമായി ഭേദപ്പെട്ടു. മാനസിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക ചികിത്സയും ഇവര്‍ക്ക് നല്‍കി തുടങ്ങി. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണമെന്നതിനാല്‍ മോസ്ക്കോയിലെ ലുഷിനിക്കോവ് സ്റ്റേഡിയത്തിലെ ഫൈനല്‍ കാണാന്‍ ഫിഫയുടെ അതിഥിളായി കുട്ടികള്‍ എത്തില്ല എന്ന നിരാശയിലാണ് ഫുട്ബോള്‍ പ്രേമികള്‍.