ലോകത്തിന് മുന്നിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശമുയര്‍ത്തി ഫിഫ 

മോസ്‌കോ: തായ്‍‍ലന്‍ഡിൽ ഫുട്ബോള്‍ താരങ്ങളായ 12 കുട്ടികളും ഒരു പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തിയ വാര്‍ത്ത. വിവരം പുറത്തുവന്നതിന് പിന്നാലെ ലോകകപ്പ് ഫൈനലിലേക്ക് 13 പേരെയും ക്ഷണിച്ച ഫിഫ ലോകത്തിന് മുന്നിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശമുയര്‍ത്തി. 

ലോകം ഒറ്റ മനസ്സോടെ കൈകോര്‍ത്ത രക്ഷാപ്രവര്‍ത്തനത്തനത്തിന്‍റെ പതിനേഴാം ദിനം തായ്‍‍ലന്‍ഡിൽ നിന്ന് ശുഭവാര്‍ത്ത വന്നു. ലോകത്തിന്‍റെ സ്നേഹത്തിലേക്കും കരുതലിലേക്കും ആ 13 പേരും ഒരു പോറല്‍ പോലും ഏൽക്കാതെ തിരികെയെത്തി. ക്ഷീണിതരായ ആ 13 പേരെ ലുഷ്നിക്കിയിലെ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് പ്രതീക്ഷിക്കേണ്ടതില്ല. രക്ഷപെട്ടവരുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഫിഫ വ്യക്തമാക്കിയതായി ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്ന ഇരുടീമുകള്‍ക്കും തീര്‍ച്ചയായും പ്രചോദനമാകും തായ്‍‍ലന്‍ഡിൽ ലോകം കണ്ട പോരാട്ടവീര്യം. ഇനിയൊരു ലോകകപ്പ് വിരുന്നെത്തുമ്പോള്‍ കായികപ്രേമികള്‍ക്ക് ആവേശമാകാന്‍ ഇവരും ഉണ്ടാകുമെന്ന് ആശിക്കാം.