ചരക്ക് ലോറി നിയന്ത്രണത്തില്‍ വ്യാപാരമേഖല പ്രതിസന്ധിയില്‍ മിക്ക സാധനങ്ങള്‍ക്കും വില വര്‍ധിച്ചു
കല്പ്പറ്റ: അടുത്ത കാലത്തെങ്ങും ഉണ്ടാകാത്തവിധം താമരശേരി ചുരംറോഡ് ഇടിഞ്ഞതിനെ തുടര്ന്നുണ്ടായ ചരക്ക് ലോറി നിയന്ത്രണത്തില് വ്യാപാരമേഖല പ്രതിസന്ധിയില്. കോഴിക്കോട് നിന്ന് എത്തേണ്ട ചരക്ക് ലോറികളെല്ലാം കുറ്റിയാടി ചുരം വഴിയാണ് ജില്ലയിലേക്ക് എത്തുന്നത്. കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില് നിന്നുള്ള ചരക്ക് ലോറികള് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് എത്തുന്നതും ഇതുവഴി തന്നെ. സുല്ത്താന് ബത്തേരിയിലേക്ക് വരുന്ന ലോറികള് 80 കിലോമീറ്റര് എങ്കിലും അധികം ഓടേണ്ടി വരികയാണ്. ഇത് കാരണം മിക്ക സാധനങ്ങള്ക്കും വില വര്ധിച്ചിട്ടുണ്ട്. പച്ചമത്സ്യത്തിനും ഉണക്കമത്സ്യത്തിനും പൊള്ളുന്ന വിലയാണ് വയനാട്ടില്. ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മത്സ്യം വാങ്ങാനാളില്ലാത്ത ഗതികേടിലാണ് കച്ചവടക്കാര്.
ചരക്ക്ലോറികള് ചുരത്തില് നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജില്ലയിലെ നിര്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലായി. മണലിനും മെറ്റലിനും ലോഡ് ഒന്നിന് 1500 മുതല് 3000 രൂപ വരെ അധികം ചിലവഴിക്കണം. സാധനങ്ങള്ക്ക് വില വര്ധിച്ചിട്ടില്ലെങ്കിലും വാടകയിനത്തിലാണ് ഇത്രയും തുക അധികം നല്കേണ്ടി വരുന്നതെന്ന് കോണ്ട്രാക്ടര്മാരും മറ്റും പറഞ്ഞു. മലപ്പുറം കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ്, അരിക്കോട് ഭാഗങ്ങളില് നിന്നാണ് ജില്ലയിലേക്ക് എംസാന്ഡ്, മെറ്റല് തുടങ്ങിയ കൂടുതലായും എത്തുന്നത്.
അരിക്കോട് നിന്ന് താമരശേരി ചുരം വഴി എളുപ്പത്തില് എത്തിക്കാമായിരുന്ന സ്ഥാനത്ത് ഇപ്പോള് ലോറികളെല്ലാം കോഴിക്കോട് എത്തി വടകര, കുറ്റിയാടി ചുരം വഴിയെത്തുമ്പോള് വാടക കുത്തനെ കൂടുകയാണ്. ജില്ലയില് ക്വാറി നിയന്ത്രണം നിലനില്ക്കുന്നതിനാല് കല്ലും മണലുമെല്ലാം പുറത്തുനിന്ന് തന്നെ എത്തിച്ചെങ്കില് നിര്മാണപ്രവൃത്തികള് നടക്കൂ എന്നതാണ് സ്ഥിതി. താമരശേരിയിലെ ഉരുള്പൊട്ടലിനെ തുടര്ന്ന് കോഴിക്കോട് ജില്ലയിലും ക്വാറികളുടെ പ്രവര്ത്തനം നിര്ത്തിവെച്ചിരിക്കുകയാണ്. ഇത് കാരണം തന്നെ മണലിന്റെയും മെറ്റലിന്റെയും ക്ഷാമവും രൂക്ഷമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വ്യാപാരികള്ക്ക് കര്ണാടകയില് നിന്നെത്തേണ്ട ലോഡുകള്ക്കെല്ലാം ഇപ്പോള് അമിത കൂലി നല്കണം. ഇത് കാരണം വന്കിടക്കാര് മാത്രമെ കുറ്റിയാടി വഴി ലോഡ് എത്തിക്കുന്നുള്ളുവെന്ന് ലോറി ഡ്രൈവര്മാര് പറഞ്ഞു. മുന്നുമാസമെങ്കിലും കഴിഞ്ഞാലെ ചുരംവഴി ചരക്ക് ലോറികള് അയക്കുന്നതില് തീരുമാനമെടുക്കാനാകൂ. ബസുകളും ചെറിയ ചരക്ക് വാഹനങ്ങളും മാത്രമാണ് താമരശേരി ചുരംവഴി ഇപ്പോള് കടത്തിവിടുന്നുള്ളു.
