മുല്ലപ്പെരിയാര്‍: കനത്ത മഴ മൂലം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ആറടിയിലധികം ഉയര്‍ന്നു. ഇതുനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉപസമിതി അണക്കെട്ട് പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ ആവശ്യ പ്രകാരമായിരുന്നു പരിശോധന.
കേന്ദ്ര ജല കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.രാജേഷ് അധ്യക്ഷനായി ഉപസമിതിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രണ്ട് പ്രതിനിധികള്‍ വീതമാണുള്ളത്. പരിശോധന പെട്ടെന്ന് തീരുമാനിച്ചതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് അറിയിച്ചു. എന്നാല്‍ സ്ഥിതി ആശങ്കാ ജനകമായതിനാല്‍ പരിശോധന വേണമെന്ന് സമിതി അധ്യക്ഷന്‍ ഉറച്ച നിലപാടെത്തതോടെയാണ് തമിഴ്‌നാട് ഒരംഗത്തെ അയച്ചത്.
മറ്റൊരംഗമായ തമിഴ്‌നാട് പൊകുമരാമത്ത് വകുപ്പ് എസ്‌കിക്യൂട്ടിവ് എന്‍ജിനീയര്‍ സുബ്രഹ്മണ്യന്‍ പരിശോധനയുമായി സഹകരിച്ചില്ല. നാല് പേരടങ്ങുന്ന സംഘം ഉച്ചയോടെ പരിശോധന പൂര്‍ത്തിയാക്കി. സീപ്പേജ് വെള്ളത്തിന്റെ അളവും രേഖപ്പെടുത്തി. മിനിറ്റില്‍ 66.42 ലിറ്റര്‍ വെള്ളമാണ് സീപ്പേജ് ആയി പുറത്തേക്ക് വരുന്നത്.
അണക്കെട്ടില്‍ കഴിഞ്ഞ തവണത്തെ പരിശോധനയില്‍ കണ്ടെത്തിയ ചോര്‍ച്ച ഇപ്പോഴും തുടരുന്നതായും കണ്ടെത്തി. പരിശോധനക്ക് ശേഷമാണ് സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താറുള്ളത്. അംഗങ്ങളില്‍ ഒരാളില്ലാത്തതിനാല്‍ യോഗം ഒഴിവാക്കണമെന്ന് തമിഴ്‌നാട് അവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലിരുത്താന്‍ സമിതി അധ്യക്ഷന്‍ ഒരു ദിവസം കൂടി കുമളിയില്‍ ക്യാമ്പു ചെയ്യും.
