അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ പ്രമുഖനായ തമ്പി കണ്ണന്താനം ഒരുക്കിയതിൽ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു.രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ,ഇന്ദ്രജാലം, തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമെന്ന് സുഹൃത്തുക്കളും സിനിമാപ്രവർത്തകരും അറിയിച്ചു. സംസ്കാരം മറ്റന്നാൾ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് നടക്കും. ഭാര്യ കുഞ്ഞുമോൾ. ഐശ്വര്യ, ഏഞ്ജൽ എന്നിവർ മക്കളാണ്.
ശശികുമാറിനൊപ്പം സംവിധാന സഹായിയായാണ് തമ്പി കണ്ണന്താനം സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ജോഷിയുടെ സംവിധാന സഹായിയായി. ജോഷി അദ്ദേഹത്തിന്‍റെ സംവിധാന ശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ പ്രമുഖനായ തമ്പി കണ്ണന്താനം ഒരുക്കിയതിൽ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു. 1983 ല്‍ സംവിധാനം ചെയ്ത 'താവളം' ആദ്യം സംവിധാനം ചെയ്ത സിനിമ.
തൊണ്ണൂറുകളിൽ മോഹൻലാലിനെ നായകനാക്കി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. മോഹൻലാലിനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ അവയിൽ മിക്കതും സൂപ്പർ ഹിറ്റുകളായിരുന്നു. രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, തുടങ്ങി പതിനാറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. മൂന്ന് സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി. 2002ൽ ലൈഫ് ഓൺ ദി എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി സിനിമയും സംവിധാനം ചെയ്തു. 2007ൽ പുറത്തിറങ്ങിയ ഒളിവർ ട്വിസ്റ്റ് എന്ന സിനിമയിൽ തമ്പി കണ്ണന്താനം അഭിനയിക്കുകയും ചെയ്തു.
2001ൽ ഒന്നാമൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അദ്ദേഹത്തിന്‍റെ മകൻ പ്രണവ് മോഹൻലാലിനെ ആദ്യമായി തിരശ്ശീലയിൽ എത്തിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. 2004ൽ പുറത്തിറങ്ങിയ ഫ്രീഡം ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. മോഹൻലാലിനെ നായകനാക്കി രാജാവിന്‍റെ മകൻ വീണ്ടും ഒരുക്കാനുള്ള ആലോചനകൾ നടന്നുവരുമ്പോഴായിരുന്നു വിയോഗം.
