തിരൂര്‍: പ്രവര്‍ത്തനം തുടങ്ങി മൂന്നു വര്‍ഷം പിന്നിടുമ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ് താനൂര്‍ ഗവ. കോളേജ്. കോഴിക്കടയ്ക്കും, മീന്‍കടയ്ക്കും മുകളില്‍ ദുര്‍ഗന്ധം സഹിച്ചാണ് ഇവിടെ പഠനം. സ്ഥിരം ക്യാമ്പസിന് ഇനിയെങ്കിലും സംവിധാനം ഒരുക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.
താനൂര്‍ ഗവ. ഐടിഐയിലാണ് ഗവ. കോളേജിലെ ചില ക്ലാസ് മുറികള്‍. ഒരു വര്‍ഷത്തേക്ക് വാടകക്കെടുത്ത കെട്ടിടത്തില്‍ നിന്ന് ഐടിഐ അധികൃതരുടെയും, കുട്ടികളുടെയും ഒഴിപ്പിക്കല്‍ മൂലം ഇടക്കിടക്ക് പെരുവഴിയിലാവുന്നതാണ് താനൂര്‍ ഗവ. കോളേജിലെ കുട്ടികള്‍ നേരിടുന്ന വലിയ പ്രതിസന്ധി.
വ്യത്യസ്ഥ സ്ഥലങ്ങളെലെ മൂന്നു കെട്ടിടങ്ങളിലായാണ് ക്ലാസ്. ബെല്ലടിച്ചാല്‍ അധ്യാപകര്‍ ഈ കെട്ടിടങ്ങളിലേക്ക് നടന്നെത്തുമ്പോഴേക്ക് പകുതി സമയം തീരും. അസഹ്യമായ ദുര്‍ഗന്ധവും ചൂടും സഹിച്ചു വേണം ക്ലാസിലിരിക്കാന്‍.
പ്പപ്പടിയിലെ ഫിഷറീസ് സ്‌കൂള്‍ കെട്ടിടത്തിലേക്ക് കോളേജ് താല്കാലികമായി മാറ്റാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. പക്ഷേ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത അവിടം പ്രായോഗികമല്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
290 കുട്ടികളും 9 സ്ഥിരം അധ്യാപകരുമാണ് കോളേജിലുള്ളത് . ഇവര്‍ക്കുള്ള പ്രാഥമിക സൊകര്യങ്ങള്‍ പോലും ഇവിടെ ഇല്ല. ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്ന് കെട്ടിട ഉടമകള്‍ ആവശ്യപ്പെടുന്നതിനാല്‍ മരച്ചുവട്ടിലോ, റോഡരികിലോ പഠിപ്പിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ ആശങ്ക.
കോളേജ് അധികൃതര്‍ കെട്ടിടംതിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഐടിഐ അധികൃതരും സമരത്തിനൊരുങ്ങുകയാണ്. സൗകര്യങ്ങളൊന്നുമൊരുക്കാതെ പേരിന് കോളേജ് സ്ഥാപിച്ച് പെരുമ നേടാന്‍ ശ്രമിച്ചവര്‍, ഈ ദുരിതം കൂടി കാണണെന്നാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പറയാനുള്ളത്.
