മലപ്പുറം: വളാഞ്ചേരിയില്‍ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവാവ് സുഖം പ്രാപിക്കുന്നു. അതേസമയം താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് യുവാവ് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം. 

മലപ്പുറം പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ കഴിഞ്ഞ ദിവസമാണ് ജനനേന്ദ്രിയം ഭാഗികമായി ഛേദിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അപകട നില തരണം ചെയ്തു. നാല് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിനെ തുടര്‍ന്ന് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു. അതേസമയം താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് യുവാവിന്‍റെ മൊഴി. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. താനാണ് മുറിച്ചതെന്ന ഇര്‍ഷാദ് വ്യക്തമാക്കിയതോടെ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. 

വളാഞ്ചേരിയിലെ ലോഡ്ജ് മുറിയില്‍ വച്ചാണ് സംഭവം. യുവാവിനെ ആദ്യം വളാഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. വിവാഹ മോചനത്തിന് ശേഷമാണ് ഇവര്‍ ഇര്‍ഷാദിനെ വിവാഹം കഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് പാലക്കാട്ട് വച്ച് ഇര്‍ഷാദിന്‍റെ വീട്ടുകാര്‍ അറിയാതെയുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു. 

ഖത്തറില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദിന് വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്താന്‍ ശ്രമം നടത്തുന്നത് യുവതി അറിഞ്ഞിരുന്നു. യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്തതും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതും. അതേസമയം താനാണ് മുറിച്ചതെന്ന് യുവാവ് വ്യക്തമാക്കിയതോടെ മജിസ്ട്രേറ്റിനെക്കൊണ്ട് നേരിട്ട് മൊഴിയെടുപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.