മക്ക ഹിറാ ഗുഹ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം

മക്കയിലെ ചരിത്രപ്രസിദ്ധമായ ഹിറാ ഗുഹ സന്ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം. സുരക്ഷാ പ്രശ്നങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് മല കയറുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്.

ധ്യാനത്തിനിടെ പ്രവാചകന് മുഹമ്മദ്‌ നബിക്ക് ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ ഉള്‍ക്കൊള്ളുന്ന മലയാണ് മക്കയിലെ ജബല്‍ നൂര്‍. ദിനംപ്രതി നൂറുക്കണക്കിനു തീര്‍ഥാടകരാണ് മല കയറി ഹിറാ ഗുഹ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇത് പതിവാക്കുന്നത് തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം പറയുന്നത്. കൂടാതെ ഇവിടെ തീര്‍ഥാടകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ഹജ്ജ് ഉംറ പാക്കേജുകളില്‍ ജബല്നൂര്‍ സന്ദര്‍ശനം ഉള്‍പ്പെടുത്തരുതെന്നു ഹജ്ജ് ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ മല കയറുന്നത് മൂലം തീര്‍ഥാടകര്‍ താഴെ വീഴാനും, ശക്തമായി ക്ഷീണിക്കാനുമൊക്കെ സാധ്യതയുണ്ടെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ്‌ അല്‍ വസറാന്‍ പറഞ്ഞു. ഹിറാ ഗുഹയിലേക്ക് പോകുന്നതിനിടെ മലയില്‍ നിന്ന് വീണും, ഇടി മിന്നലേറ്റും, പാമ്പ്‌ കടിയേറ്റുമെല്ലാം നേരത്തെ പല സന്ദര്‍ശകരും മരണപ്പെട്ടിരുന്നു. ഇവിടേക്ക് കേബിള്‍ കാര്‍ സൗകര്യം ഒരുക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.