ആല്‍ഫ 200 കാമറയില്‍ ചിത്രങ്ങളെടുത്ത് തുടങ്ങി ഇപ്പോള്‍ കാനോണ്‍ 70 ഡി കാമറയാണ് ഉപയോഗിക്കുന്നത്.
തൃശൂര്: തിരുവസ്ത്രമണിഞ്ഞാല് ചെയ്ത് തീര്ക്കാനുള്ളതത്രയും ആത്മായരുടെ ക്ഷേമവും അവര്ക്കായി പ്രാര്ത്ഥനയും മാത്രമല്ല. ആ ലോകത്തിനും പുറത്തൊരു പ്രപഞ്ചവും മനുഷ്യരും ഉണ്ടെന്ന് ദൈവീകമായി കാണണമെന്നാണ് തത്വം. ഇവിടെ അങ്ങിനെയും ഒരു വൈദികനുണ്ട്. ഒരു യുവ വൈദികന്; തൃശൂര് മാന്ദാമംഗലം ജോണ് മരിയ വിയാനി പള്ളി വികാരി ഫാ. അല്ജോ കരേരക്കാട്ടില്.
ഫോട്ടോഗ്രാഫിയിലാണ് അച്ഛന്റെ കമ്പം. ജീവിതത്തില് നല്ല കാര്യങ്ങളിലേക്ക് സൂം ചെയ്യുകയും ആവശ്യമില്ലാത്തത് ക്രോപ്പ് ചെയ്യുകയും വേണമെന്നതാണ് ഫാ.അല്ജോയുടെ മതം.
ചിത്രസംയോജനത്തിന്റെ സാങ്കേതിക വിദ്യകളൊന്നും വശമില്ല. ഗ്രാമങ്ങളുടെ യാഥാര്ത്ഥ്യങ്ങളെ കാമറയിലൂടെ കണ്ടു. ആന്ധ്രാതെരുവില് പൊതുടാപ്പിന് സമീപം കൊച്ചുക്കുട്ടിയെ കുളിപ്പിക്കുന്നതും യുപിയിലെ കര്ഷകന്റെ ദുരിതങ്ങളുമെല്ലാം ഈ യുവ വൈദികന്റെ കാമറയില് പതിഞ്ഞു. ഇറ്റലിയിലെയും സ്വീഡനിലെയും അപൂര്വദൃശ്യങ്ങളും ഫാ.അല്ജോയുടെ കാമറയിലുടക്കി. സൂക്ഷിച്ചുവച്ച എല്ലാ ചിത്രങ്ങളും ഒടുവില് നാട്ടുകാര്ക്കൊരു കാഴ്ചവിരുന്നായി ഒരുക്കുകയും ചെയ്തു. മാന്ദാമംഗലം ജോണ് മരിയ വിയാനി പള്ളി വികാരി ഫാ.അല്ജോ കരേരക്കാട്ടില് പകര്ത്തിയ ചിത്രങ്ങളുടെ പ്രദര്ശനം 'മെലോണ്ഞ്ച്' എന്ന് പേരിട്ട് തൃശൂര് സാഹിത്യ അക്കാദമിയിലാണ് സംഘടിപ്പിച്ചത്.
നാട്ടിലെ പച്ചയായ ജീവിതച്ചിത്രങ്ങളിലേക്ക് തന്റെ കൊച്ചു ക്യാമറ കണ്ണുകള് ചലിപ്പിച്ച പിതാവിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോള്. തൃശൂരിന്റെ പുലിവീര്യം എന്ന ചിത്രം പ്രദര്ശനത്തില് ഏറെ ശ്രദ്ധ നേടി. വനത്തിലെ പച്ചപ്പിനുള്ളില് മറഞ്ഞിരിക്കുന്ന പുലി, ഏത് നിമിഷവും ചാടിവീഴാം എന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രം. ഏറെ സൂക്ഷിച്ചു നോക്കുന്നവര്ക്കാണ് ചിത്രത്തിനുള്ളിലെ കൗതുകം മനസിലാവൂ. തൃശൂരിന്റെ തനത് കലയായ പുലിക്കളിക്ക് കുടവയറില് വരച്ചുവച്ച പുലിയുടെ വീര്യമാണത്.
വൈദികപഠനത്തിനും വൈദികവൃത്തിക്കും മധ്യേയാണ് ചിത്രങ്ങള് കാമറയില് പകര്ത്തിയത്. പഠനത്തിനിടെ മാനസീക സമ്മര്ദം കുറയ്ക്കാനാണ് പടം എടുക്കാന് തുടങ്ങിയതെന്ന് ഫാ.അല്ജോ പറഞ്ഞു. യൂട്യൂബിലൂടെയാണ് ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിച്ചത്. ഫ്രാന്സിലും ഇറ്റലിയിലും പഠിക്കുന്ന സമയത്ത് സൈക്കിളിലും മറ്റും യാത്ര ചെയ്താണ് ചിത്രങ്ങള് എടുത്തത്. തന്റെ ചിത്രങ്ങള് ഓണ്ലൈനില് ഷട്ടര് സ്റ്റോക്ക് വഴി വില്പ്പനയ്ക്ക് ശ്രമിച്ചു. നിരസിക്കുന്ന ചിത്രങ്ങളുടെ ന്യൂനതകള് വിദഗ്ദര് അറിയിക്കും ഇതുവഴി ചിത്രങ്ങളുടെ നിലവാരത്തെക്കുറിച്ച് കൂടുതല് അറിയാനും പഠിക്കാനും കഴിഞ്ഞു.
ആല്ഫ 200 കാമറയില് ചിത്രങ്ങളെടുത്ത് തുടങ്ങി ഇപ്പോള് കാനോണ് 70 ഡി കാമറയാണ് ഉപയോഗിക്കുന്നത്. ജീവിതവും ഫോട്ടോഗ്രാഫിയും തമ്മില് ഏറെ സാമ്യങ്ങളുണ്ട്.
ഫ്രാന്സിന്റെയും ഇറ്റലിയുടെയും അതിര്ത്തിയായ നീസില് കാടിന് തീപ്പിടിച്ചപ്പോള് അഗ്നിശമന സോനാംഗങ്ങള് വിമാനത്തിലെത്തി തീ അണയ്ക്കുന്ന അപൂര്വചിത്രം ഉള്പ്പടെ 31 ചിതങ്ങള് പ്രദര്ശനത്തിലുണ്ടായിരുന്നു.
നെടുപുഴ കരേരക്കാട്ടില് പോളിന്റെയും അല്ഫോനസയുടെയും മകനാണ് അല്ജോ. കൊക്കാലെ സെന്റ് ആഗസ്റ്റിന്, ചൊവ്വൂര് സെന്റ് സെബാസ്റ്റ്യന് സ്കൂള് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. തുടര്ന്ന് തൃശൂര് സെന്റ്മേരീസ് മൈനര് സെമിനാരി, കോട്ടയം സെന്റ്തോമസ് അപ്പസ്തോലിക് സെമിനാരി, റോമിലെ മരിയ മദര് എക്ലെസീവ് എന്നിവിടങ്ങളിലും ഉപരിപഠനം നടത്തി. ഫ്രാന്സില് ഇന്സ്റ്റിറ്റ്യൂട്ട് കത്തോലിക് ഡി ടൗലോസില് ദൈവശാസ്ത്രത്തില് നിന്ന് ബിരുദമെടുത്തു. 2009 ല് ഡിസംബര് 29 ന് തൃശൂര് അതിരൂപതയില് വൈദികനായി. ഒരു വര്ഷം മുമ്പാണ് മാന്ദാമംഗലത്ത് വികാരിയായി ചുമതലയേറ്റത്.
