എന്നിട്ടും അര്‍ജന്റീനക്ക് പിഴക്കുന്നുവെങ്കില്‍ അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവര്‍ക്ക് മറഡോണയെപ്പോലെ പ്രചോദിപ്പിക്കുന്ന ഒരു നായകനില്ലെന്നതുതന്നെയാണ്.

മോസ്കോ: ക്രൊയേഷ്യക്കെതിരായ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയോടെ റൊണാള്‍ഡോ ആണോ മെസി ആണോ എക്കാലത്തെയും മികച്ചവനെന്ന(Greatest of All Time-GOAT) ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. കളിക്കാരെന്ന നിലയില്‍ മെസിയെയും റൊണാള്‍ഡോയെയും താരതമ്യം ചെയ്യുന്നത് മാറ്റിവെച്ചാലും ക്രൊയേഷ്യക്കെതിരായ മത്സരത്തോടെ നായകന്‍മാരെന്ന നിലയില്‍ ഇരുവരുടെയും മികവ് വീണ്ടും വലിയ ചര്‍ച്ചയാകുകയാണ്. അതിനുള്ള ഉത്തരം ലളിതമാണെങ്കിലും.

2014-ബ്രസീല്‍

കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ മെസി ഫൈനലിലെത്തിച്ചപ്പോഴും നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായപ്പോഴുമെല്ലാം മെസിയെന്ന നിര്‍ഭാഗ്യവാനായ കളിക്കാരനെക്കുറിച്ച് മാത്രമാണ് ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്തത്. ഒരിക്കലും മെസിയുടെ നായകമികവ് അവിടെ ചര്‍ച്ചയായില്ല. അന്ന് പോര്‍ച്ചുഗലിനെ ചുമലിലേറ്റാനാവാതെ ക്രിസ്റ്റ്യാനോയും പോര്‍ച്ചുഗലും ആദ്യ റൗണ്ടില്‍ പുറത്തായതോടെ ആരാണ് മികച്ച നായകനെന്ന ചര്‍ച്ചകള്‍ക്ക് പോലും പ്രസക്തിയുണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം.

2018 റഷ്യയില്‍

Scroll to load tweet…

അന്ന് അര്‍ജന്റീനയെ കിരീടത്തിന് അടുത്തുവരെ എത്തിച്ച മെസിക്ക് റഷ്യയില്‍ കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും തൊട്ടതെല്ലാം പിഴച്ചു. ആത്മവിശ്വാസമില്ലാത്ത നായകനായി ഗ്രൗണ്ടില്‍ ഉഴറി നടക്കുന്ന മെസിയെയാണ് റഷ്യയില്‍ കാണുന്നതെങ്കില്‍ ആത്മവിശ്വാസത്തിന്റെ പ്രതീരൂപമാണ് റഷ്യയില്‍ റൊണാള്‍ഡോ. സ്പെയിനിനെതിരെ നേടിയ ഹാട്രിക്ക് അടക്കം പോര്‍ച്ചുഗല്‍ ഇതുവരെ അടിച്ച എല്ലാ ഗോളുകളും സ്വന്തം പേരിലാക്കിയ റൊണാള്‍ഡോയുടെ ശരീരഭാഷ തന്നെ എതിരാളികളുടെ ചങ്കിടിപ്പേറ്റുമ്പോള്‍ പരാജിതന്റെ ശരീരഭാഷയുമായി ഗ്രൗണ്ടിലിറങ്ങുന്ന മെസിക്ക് എങ്ങനെയാണ് നായകനെന്ന നിലയില്‍ രാജ്യത്തെയും ടീമിനെയും പ്രചോദിപ്പിക്കാനാകുക എന്നതാണ് വലിയ ചോദ്യം.

മൊറോക്കൊക്കെതിരായ മത്സരത്തില്‍ ശൂന്യതയില്‍ നിന്ന് നേടിയ ആ ഹെഡ്ഡര്‍ ഗോള്‍ മാത്രം മതി റൊണാള്‍ഡോയുടെ ആത്മവിശ്വാസത്തിന്റെ ആഴമറിയാന്‍. എന്നാല്‍ മറുവശത്ത് മെസിയാകട്ടെ, ഗോളടിക്കാനോ ഗോളടിപ്പിക്കാനോ കഴിയാതെ ചരട് നഷ്ടമായ പട്ടംപോലെ ഗ്രൗണ്ടില്‍ ഉഴറി നടക്കുന്നു.

ആ ചിത്രം പറയും ആരാണ് നായകനെന്ന്

ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തില്‍ സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ഒറ്റ അര്‍ജന്റീന താരം പോലും അത് ഏറ്റുപാടുന്നതായി കണ്ടില്ല. സമ്മര്‍ദ്ദം മുറ്റിയ മുഖവുമായി നില്‍ക്കുന്ന അവരുടെ ശരീരഭാഷപോലും തോറ്റവരുടേതായിരുന്നു. ഒടുവില്‍ മെസിയുടെ മുഖത്തേക്ക് ക്യാമറ സൂം ചെയ്യുമ്പോള്‍ ആരാധകര്‍ കണ്ടതോ, വലിയ തലവേദനയാണിതെന്ന മട്ടില്‍ തുടര്‍ച്ചയായി നെറ്റി തടവി തലകുനിച്ചുനില്‍ക്കുന്ന മെസിയെ. ആ ഒറ്റ ദൃശ്യം മാത്രം മതിയായിരുന്നു ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരുടെ മനസിടിയാന്‍.

ഗ്രൗണ്ടിലിറങ്ങുന്നതുമുതല്‍ ഓരോ നീക്കത്തിലും യഥാര്‍ഥ നായകന്റെ ശരീരഭാഷയുമായാണ് റൊണാള്‍ഡോ കളം നിറയുന്നത്. അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ ദേശീയ ഗാനം ഉറക്കെ ആലപിക്കുന്നു. ചിരിച്ചുല്ലസിച്ച് ഗ്രൗണ്ടിലേക്കിറങ്ങുന്നു. ഓരോ നീക്കത്തിനും സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നു. പോര്‍ച്ചുഗലെന്ന രാജ്യത്തിന്റെ പ്രതീക്ഷയും അയാളുടെ മാത്രം ചുമലിലാണ്. റൊണാള്‍ഡോ എന്ന കളിക്കാരനെയോ പട്രീഷോ എന്ന ഗോളിയെയോ മാറ്റി നിര്‍ത്തിയാല്‍ അവിടെ വലിയ താരങ്ങളൊന്നുമില്ല. പക്ഷെ കൈ മെയ് മറന്ന് അവസാന വിസില്‍വരെ പൊരുതാന്‍ മനക്കരുത്തുള്ള കളിക്കാരുണ്ട്. അതുകൊണ്ടുതന്നെയാണ് സ്പെയിനിനെതിരെ സമനില പിടിക്കാന്‍ അവര്‍ക്കായതും.

മെസിയെന്ന കളിക്കാരനെ മാറ്റി നിര്‍ത്തിയാലും താരസമ്പന്നമാണ് അര്‍ജന്റീന നിര. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡ് ഗോള്‍വേട്ട നടത്തുന്ന അഗ്യൂറോ മുതല്‍, ഡിബാല, മഷെരാനോ, ഹിഗ്വയിന്‍, ഓട്ടമെന്‍ഡി, പാവോണ്‍ അങ്ങനെ ഒറ്റക്ക് ഒറ്റക്കെടുത്താല്‍പോലും പൊന്നും വിലയുള്ള പേരുകള്‍. മെസിയെ എതിര്‍ ടീമുകള്‍ പൂട്ടിയിട്ടാലും ടീമിനെ ഒറ്റക്ക് ചുമലിലേറ്റാനാവുന്നവര്‍.

എന്നിട്ടും അര്‍ജന്റീനക്ക് പിഴക്കുന്നുവെങ്കില്‍ അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവര്‍ക്ക് മറഡോണയെപ്പോലെ പ്രചോദിപ്പിക്കുന്ന ഒരു നായകനില്ലെന്നതുതന്നെയാണ്.

Scroll to load tweet…

ശരാശരി ടീമിനെക്കൊണ്ടുപോലും അത്ഭുതങ്ങള്‍ തീര്‍ത്ത നായകരെ ഫുട്ബോളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മറഡോണ തന്നെ ഏറ്റവും വലിയ ഉദാഹരണം.

ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും ജര്‍മനിയുടെ ഫിലിപ്പ് ലാമും ഇറ്റലിയുടെ കന്നവാരോയുമെല്ലാം ഇതിന് സമീപകാല ഉദാഹരണങ്ങള്‍. എന്നിട്ടും ലോകത്തെ നിലവാരമുള്ള ലീഗുകളില്‍ മിന്നിത്തിളങ്ങുന്ന കളിക്കാരെ ഒരുമിച്ച് ഒരുകുടക്കീഴില്‍ കൊണ്ടുപോകാനാകുന്നില്ലെങ്കില്‍ പ്രശ്നം പരിശീലകന്റെ തന്ത്രങ്ങളുടേതു മാത്രമല്ലെന്ന് ചുരുക്കം.ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോല്‍ മികവ് പുറത്തെടുക്കുന്നവനാണ് മികച്ച താരമെങ്കില്‍ റഷ്യയിലെങ്കിലും അത് റൊണാള്‍ഡോ മാത്രമാണ്.

അതുകൊണ്ടുതന്നെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയാഗോ സിമിയോണിയെപ്പോലുള്ളവര്‍ പറയുന്നത്, ഒരു ശരാശരി ടീമിനെ ജയിക്കുന്നവരുടെ സംഘമാക്കുന്ന റൊണാള്‍ഡോ തന്നെയാണ് നായകനെന്ന്.

മെസി മികച്ചവനാണ്. അതിന് കാരണം അയാള്‍ക്ക് ചുറ്റും മികവുറ്റ കളിക്കാര്‍ ഉണ്ടെന്നുള്ളത് കൊണ്ട് കൂടിയാണ്. എന്നാല്‍ ഒരു സാധാരണ ടീമില്‍ ആരെയാണ് താങ്കള്‍ തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മുന്‍ അര്‍ജന്റീന നായകന്‍ കൂടിയായ സിമിയോണി നല്‍കിയ മറുപടി റൊണാള്‍ഡോ എന്നായിരുന്നു. ആ മറുപടിയിലുണ്ട് എല്ലാ ചോദ്യത്തിനുമുള്ള ഉത്തരവും