ഇടുക്കി: മോഷണം നടത്തിയെന്ന കള്ള പരാതിയുടെ പേരില്‍ ദമ്പതികളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കണ്ണന്‍ ദേവന്‍ കമ്പനി ആറ്റുകാട് ഡിവിഷനില്‍ താമസിക്കുന്ന തങ്കമണി - വനിത ദമ്പതികളെയാണ് അഞ്ച് മാസമായി സ്റ്റേഷനില്‍ വിളിച്ചു വരുത്തി അന്വേഷണത്തിന്റെ പേരില്‍ മൂന്നാര്‍ പോലീസ് മാനസീകമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ജില്ലാ പോലീസ് മേധാവിക്കും മൂന്നാര്‍ ഡി.വൈ.എസ്.പിക്കും പരാതി നല്‍കി. വനിതയുടെ ഭര്‍ത്താവ് തങ്കമണി എഫ്. രാജയുടെ ആറ്റുകട്ടിലെ തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇയാളുടെ പറമ്പില്‍തന്നെയാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.
ശമ്പളം കുറവായതിനാല്‍ ജോലി ഉപേക്ഷിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വീട്ടില്‍ സുക്ഷിച്ചിരുന്ന 22,000 രൂപ ദമ്പതികള്‍ മോഷ്ടിച്ചതായാണ് പരാതി. വീട്ടുടമയുടെ പരാതിയില്‍ അഞ്ച് മാസമായി തന്നെയും ഭാര്യയേയും പോലീസ് വേട്ടയാടുകയാണെന്നാണ് പരാതിയിലുള്ളത്. 26 ന് രാവിലെ ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി വൈകുന്നേരം ആറുമണി വരെ നിര്‍ത്തുകയും കുട്ടികളുടെ മുന്നില്‍ വെച്ച് തല്ലുകയും വസ്ത്രാക്ഷേപം ചെയ്തതായും പരാതിയില്‍ പറയുന്നു.
