മൂന്നാര്‍: ദേവികുളം കോടതിയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയ്യേറിയതായി പരാതി. മൂന്ന് ദിവസം മുമ്പാണ് കോടതിയുടെ സമീപത്തെ 62 സെന്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ കുറ്റിയടിച്ച് കൈയ്യേറിയത്. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കി.
കോടിതിയ്ക്ക് മൂന്നേക്കറോളം ഭൂമിയാണ് ദേവികുളത്തുള്ളത്. 1982 ല്‍ അല്‍ഫോണ്‍സ് കണ്ണന്‍ദാനം ദേവികുളം സബ് കളക്ടറായിരിക്കെ പ്രഫഷണല്‍ അഡ്വക്കേറ്റ്, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് കോടതിക്ക് സമീപത്തെ 60 സെന്റ് ഭൂമി അനുവദിച്ച് പട്ടയം നല്‍കിയിരുന്നു. സബ് കളക്ടര്‍ നേരിട്ടാണ് 15 സെന്റ് വീതം നാല് പേര്‍ക്ക് പട്ടയം നല്‍കിയത്. ഒരുവര്‍ഷത്തിനുള്ളില്‍ അസൈമെന്റ് കമ്മറ്റിയില്‍ അനുമതി നേടി ഭൂമിയില്‍ അധികാരം സ്ഥാപിക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ പട്ടയം ലഭിച്ചവര്‍ കരം ഒടുക്കിയിരുന്നെങ്കിലും ഭൂമി അളന്ന് തിരിക്കുന്നതിനോ, വേലി സ്ഥാപിക്കുന്നതിനോ ശ്രമിച്ചില്ല. ഇതോടെ കോടതിയുടെ ഭൂമിയാണെന്ന് പലരും തെറ്റിധരിച്ചു. ഒരു മാസത്തിന് മുമ്പ് ജീവനക്കാരുടെ സഹായത്തോടെ ചിലര്‍ ഭൂമി തങ്ങളുടെതാണെന്നും ഭൂമിക്ക് പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിനെ സമീപിച്ചു.
ഇതറിഞ്ഞ ഭൂ ഉടമകള്‍ സബ് കളക്ടര്‍ നല്‍കിയ പട്ടയം സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം അഡീഷണല്‍ തഹസില്‍ദാരെ സമീപിക്കുകയായിരുന്നു. നിലവില്‍ നാലുപേര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയുട്ടുണ്ടെന്നും പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധന മാത്രമാണ് നടന്നതെന്നും തഹസില്‍ദാര്‍ പ്രതികരിച്ചു. കോടതിയുടെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഭൂമിയുടെ ഉടമസ്ഥവകാശത്തെപ്പറ്റി മനസിലാക്കാന്‍ കഴിയുകയുള്ളൂ. തൊട്ടടുത്ത ദിവസം രേഖകള്‍ പരിശോധിക്കുമെന്നും തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
