കോഴിക്കോട്: 1962-ലാണ് ആദ്യ ജെയിംസ് ബോണ്ട് സിനിമ ഇറങ്ങുന്നത്. ഡോ.നോ എന്നായിരുന്നു ചിത്രത്തിന്റെ പേര്. പതിവ് സിനിമാ സങ്കേതത്തില്‍ നിന്ന് മാറി കുറ്റാന്വേഷണത്തിന്റെ പുതിയ തലം തേടിയ ജെയിംസ് ബോണ്ടിനേയും സിനിമയേയും ലോകമാകെ ഹൃദയത്തിലേറ്റി. ദക്ഷിണേന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍ ജെയിംസ് ബോണ്ടിറങ്ങുന്നത് 1971 -ല്‍.
അതും അക്കാലത്ത് തെലുങ്കിലെ മുന്‍നിര നായകനായ കൃഷ്ണ ഹീറോ ആയി. ജയിംസ് ബോണ്ട് 777, ഒരു പക്ഷേ രാജ്യം ഇത്രയും ആവേശത്തോടെ സ്വീകരിച്ച മറ്റൊരു ചിത്രം വേറെ ഉണ്ടാവില്ല. പറഞ്ഞുവരുന്നത് ജെയിംസ് ബോണ്ട് നായകന്‍മാരെകുറിച്ചോ അവരുണ്ടാക്കിയ ചലനങ്ങളെകുറിച്ചോ അല്ല. മൈലുകള്‍ക്കിപ്പുറത്ത് കോഴിക്കോട്ടെ ഓലകുത്തിക്കെട്ടിയ പഴയൊരു സിനിമാ കൊട്ടകയിലിരുന്ന് ആ സിനിമ ആറുതവണ കണ്ട ഒരു പൂജാരിയെക്കുറിച്ചാണ്.
അന്ന് സിനിമാ ടിക്കറ്റ് വില 40 പൈസ. കണ്ട ദിവസം 1971 മാര്‍ച്ച് ഒന്ന്. എല്ലാം കിറുകൃത്യമായി ഓര്‍മിക്കുന്നുണ്ട്, ഓര്‍ക്കുന്നുണ്ടെന്ന് മാത്രമല്ല എല്ലാം ഒരു നോട്ടുബുക്കില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് താമസിക്കുന്ന രവി ഭട്ടത്തിരിപ്പാടെന്ന ഈ പൂജാരി. കോഴിക്കോട് കിണാശേരി ശിവക്ഷേത്രത്തിലണ് രവിയുടെ ശാന്തി പണി. ജെയിംസ് ബോണ്ടിനോടുള്ള ആരാധനമൂത്താണ് ഒരേ സിനിമ ആറുതവണ കണ്ടതെന്ന് പറയുമ്പോള്‍ അതിനുശേഷം ഇങ്ങോട്ട് അവസാനം കണ്ട 'എന്ന് നിന്റ മൊയ്തീന്‍' വരെ ഈ പൊടിഞ്ഞു തുടങ്ങിയ പഴയ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നസീര്‍ നായകനായ 'സംഭവാമി യുഗേ യുഗേ' കാണുന്നത് 1972 മാര്‍ച്ച് 12 -ന്. ടിക്കറ്റിന് 40 പൈസ. 'ഗുരുവായൂരപ്പന്‍' കാണുന്നത് 72 ഒക്‌ടോബര്‍ എട്ടിന്. ഡയറിയില്‍ സിനിമയുടെ ഭക്തിവിശേഷം കൂടിയുണ്ട്. 72 മുതല്‍ 81 വരെയുള്ള 9 വര്‍ഷം കണ്ട സിനിമയുടെ മുഴുവന്‍ വിവരങ്ങളും സംവിധായകരുടേയും നടന്‍മാരുടേയും പേരും കഥയുടെ ലഘുവിവരണമടക്കം രവി തന്റെ ഡയറിയില്‍ രേഖപ്പെടുത്തി എന്നറിയുമ്പോള്‍ എങ്ങിനെ ഞെട്ടാതിരിക്കും.
പുതിയ കാലത്ത് 300 രൂപ വരെ കൊടുത്ത് ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് തണുത്തിരുന്ന് സിനിമ കാണുന്ന യുവ തലമുറയെ കണുമ്പോള്‍ രവിക്ക് ഓര്‍മവരുന്നത് ഓല മേഞ്ഞ സിനിമാ ടാക്കീസില്‍ തറയിലിരുന്ന് കടലയും കൊറിച്ച് സിനിമ കണ്ട തന്റെ ചെറുപ്പകാലമാണ്. അന്നൊക്കെ ബെഞ്ചിലിരിക്കുന്ന ആളാണ് വലിയ ആള്‍. ബാല്‍ക്കണി, ഫസ്റ്റ് ക്ലാസ് എന്നൊക്കെ പറയുന്ന പോലെയായിരുന്നു അന്ന് തറയിലിരിക്കുന്നതും ബെഞ്ചിലിരിക്കുന്നതും.
ജയന്റെ അങ്ങാടി കണാന്‍ പോയപ്പോള്‍ ടിക്കറ്റുകിട്ടാതെ അവസാനം വരെ നിന്നതും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെയാണ് രവിക്ക്. ജയനായിരുന്നു തന്റെ ഇഷ്ട നടന്‍. അതുപൊലൊരു നടന്‍ അതുനുമുമ്പും ശേഷവുമുണ്ടായിട്ടില്ല. ജെയിംസ് ബോണ്ട് പരമ്പരയില്‍പ്പോലും നായകനാവേണ്ട ആളായിരുന്നു ജയനെന്നും രവി കൂട്ടിച്ചേര്‍ത്തു.
അവസാനം സിനിമ കണ്ട വര്‍ഷം 1981 ആണ്. അതിനുശേഷം ഒരു സിനിമകൂടിയുണ്ട്. പക്ഷേ വര്‍ഷം ഒരുപാട് മുന്നില്‍. 2016 ല്‍ എന്നു നിന്റെ മൊയ്തീന്‍. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു അകലമുണ്ടായതെന്ന് ചോദിച്ചപ്പോള്‍ കാണാന്‍ തോന്നിയില്ലെന്ന് മറുപടി. പണ്ടൊക്കെ സിനിമ ഒരാവേശമായിരുന്നു. ഇന്നത് വെറും കോപ്രായങ്ങളായി. ഭൂമിയിലൊന്നും അല്ലെന്നാണ് പല നടന്‍മാരുടേയും ഭാവം.
നസീറും സത്യന്‍മാഷുമൊന്നും അങ്ങനെ ആയിരുന്നില്ല. അന്നത്തെ നായകന്‍മാര്‍ തന്നെ ഇന്നും പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം ആടിയും പാടിയും അഭിനയിക്കുന്നു. അതുകൊണ്ടുതന്നെ താത്പര്യമില്ല... രവി പറഞ്ഞു നിര്‍ത്തി. എന്നാലും എന്നു നിന്റെ മൊയിതീന്‍ ഇറങ്ങിയപ്പോള്‍ അത് കാണാന്‍ പോയത് വല്ലാത്ത അനുഭവമായിരുന്നെന്നും രവി കൂട്ടിച്ചേര്‍ത്തു. ഇതു മാത്രമല്ല രവിയുടെ ഹോബി ചെറുപ്പം മുതല്‍ യാത്ര ചെയ്ത ബസ് ടിക്കറ്റുകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട് അദ്ദേഹം. എതൊക്കെ എന്തിനാണ് ചോദിക്കുമ്പോള്‍ കാലം അടയാളപ്പെടുത്താനാണെന്ന് മറുപടി. ഭാര്യയും പൂജാരിയായ മകനും അടങ്ങുന്നതാണ് കുടുംബം.
