Asianet News MalayalamAsianet News Malayalam

ആക്രമിക്കാൻ തീരുമാനമെടുത്തത് പ്രധാനമന്ത്രി; പദ്ധതി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കി

കൃത്യമായി ജയ്ഷെ ക്യാംപുകൾ എവിടെയെന്ന കോർഡിനേറ്റുകൾ ഇന്ത്യക്ക് കിട്ടി. അതനുസരിച്ച് ആസൂത്രണം ചെയ്തായിരുന്നു ആക്രമണം. 

the decision of attack was taken by pm strike planned
Author
New Delhi, First Published Feb 26, 2019, 9:29 AM IST

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ദില്ലിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാംപുകൾ ആക്രമിച്ച് തിരിച്ച് വരാൻ തീരുമാനമെടുത്തത്.

അൽപസമയത്തിനകം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരുൾപ്പടെ യോഗത്തിനെത്തും.

കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് അപ്രതീക്ഷിതമായി വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്. പുൽവാമയ്ക്ക് ശേഷം അതിർത്തിയിൽ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇതെല്ലാം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു താനും.

ഇപ്പോൾ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയാണ്. ഇതിന് ശേഷം ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios