50 താരങ്ങള്‍ അണി നിരന്ന റോയല്‍ റംബിളും ജിദ്ദയില്‍ അരങ്ങേറി.

സൗദി അറേബ്യ: സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഗുസ്തി മത്സരം കാണാന്‍ പതിനായിരങ്ങള്‍ എത്തി. 50 താരങ്ങള്‍ അണി നിരന്ന റോയല്‍ റംബിളും ജിദ്ദയില്‍ അരങ്ങേറി. ടി.വിയില്‍ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ നേരിട്ട് കണ്ട ആവേശത്തിലായിരുന്നു അറുപതിനായിരത്തോളം വരുന്ന കാണികള്‍.

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഗ്രേറ്റസ്റ്റ് റോയല്‍ റംബ്ള്‍ അരങ്ങേറിയത്. ജോണ്‍സീന, ട്രിപ്പിള്‍ എച്ച്, കാലിസ്റ്റോ, സെട്രിക് അലക്‌സാണ്ടര്‍, അണ്ടര്‍ ടേക്കര്‍, റൂസേവ്, മാറ്റ് ഹാര്‍ഡി, ബ്രേ വാറ്റ്, ഷീമസ്, ദ ബാര്‍, ജെഫ് ഹാഡി, ജിന്‍ഡര്‍ മഹല്‍ തുടങ്ങി അമ്പതോളം ലോകപ്രശസ്ത ഗുസ്തി താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 

ലോകത്ത് ആദ്യമായി അമ്പത് പേര്‍ പങ്കെടുത്ത റോയല്‍ റംബിള്‍, കെട്ടിത്തൂക്കിയ കിരീടത്തിനായി പൊരുതുന്ന ലാഡര്‍ മത്സരം തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ഇനങ്ങള്‍. വിനോദ സാംസ്‌കാരിക മേഖലയില്‍ സൗദിയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഭാഗമായാണ് ജിദ്ദയില്‍ ഗുസ്തി മത്സരം സംഘടിപ്പിച്ചത്. 

സൗദി സ്‌പോര്‍ട്‌സ് അഥോറിറ്റിയും, വേള്‍ഡ് റെസ്ലിംഗ് എന്റര്‍റ്റൈന്‍മെന്റും തമ്മിലുണ്ടായ ധാരണയാണ് സൗദിയില്‍ ആദ്യമായി ഇത്രയും വിപുലമായ രീതിയുള്ള ഗുസ്തി മത്സരം യാഥാര്‍ത്ഥ്യമാക്കിയത്. മത്സരവേദിയും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനായി നൂറ്റിയൊമ്പത് ടണ്‍ സാധനങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്നും ജിദ്ദയില്‍ എത്തിച്ചിരുന്നു. പത്ത് റിയാല്‍ മുതലായിരുന്നു ടിക്കറ്റ് നിരക്ക്.