നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്, മലേഷ്യ, ബ്രിട്ടണ്‍, ഇറ്റലി എന്നീവിദേശരാജ്യങ്ങളുമായി തൃക്കരിപ്പൂരിനുണ്ടായിരുന്ന വിദേശ വ്യാപാര ബന്ധം സൂചിപ്പിക്കുന്ന തെളിവുകളാണ് ഈ നാണയങ്ങള്‍. 

കാസര്‍കോട്: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ക്ഷേത്ര നമസ്‌കാര മണ്ഡപത്തിന് ആണികള്‍ക്ക് പകരമായി ഉപയോഗിച്ചത് വിദേശരാജ്യങ്ങളുടെ അപൂര്‍വ്വ ചെമ്പ് നാണയങ്ങള്‍. തൃക്കരിപ്പൂര്‍ ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയോടനുബന്ധിച്ച് നമസ്‌കാര മണ്ഡപം പുനര്‍നിര്‍മാണത്തിനിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദേശനാണയങ്ങള്‍ ലഭിച്ചത്. 

നമസ്‌കാര മണ്ഡപത്തിലെ കൂടവുമായി ബന്ധിപ്പിച്ച 32 കഴുക്കോലുകളുടെ അറ്റത്ത് വാമാടം ഉറപ്പിക്കാനായി ഉപയോഗിച്ച ചെമ്പുതകിടുകള്‍ വിദേശ രാജ്യങ്ങളില്‍ ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പ് ഉപയോഗത്തിലിരുന്ന നാണയങ്ങളാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്, മലേഷ്യ, ബ്രിട്ടണ്‍, ഇറ്റലി എന്നീവിദേശരാജ്യങ്ങളുമായി തൃക്കരിപ്പൂരിനുണ്ടായിരുന്ന വിദേശ വ്യാപാര ബന്ധം സൂചിപ്പിക്കുന്ന തെളിവുകളാണ് ഈ നാണയങ്ങള്‍. 

മലേഷ്യയിലെ ഷാറവാക്ക് രാജാവ് ചാള്‍സ് ബ്രോക്ക് 1870 ല്‍ ഇറക്കിയ അര സെന്റ് ചെമ്പ് നാണയം, ഇറ്റാലിയന്‍ രാജാവ് വിറ്റോറിയോ ഇമ്മാനുവല്‍ രണ്ടാമന്‍ 1863 ല്‍ ഇറക്കിയ പത്ത് സെന്റ് സിമി വെങ്കല നാണയം, പോര്‍ച്ചുഗല്‍ രാജാവ് കാര്‍ലോസ് 1862 ല്‍ ഇറക്കിയ ഇരുപത് റയിസ് നാണയം, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1834 ല്‍ ഇറക്കിയ ഒരണ നാണയം, എന്നിവ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ നാണയങ്ങളില്‍ ഉള്‍പ്പെടുന്നു.

ക്ഷേത്രം സന്ദര്‍ശിച്ച കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചരിത്രാധ്യാപകരായ നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന്‍ എന്നിവര്‍ ഏതാണ്ട് 120 വര്‍ഷം മുമ്പ് നിര്‍മിച്ച നമസ്‌കാര മണ്ഡപത്തില്‍ നിന്ന് ലഭിച്ചത് മലേഷ്യന്‍, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഇറ്റാലിയന്‍ നാണയങ്ങളാണെന്നാണ് തിരിച്ചറിഞ്ഞു. 

ചെറുവത്തൂര്‍ വീരമല കോട്ട കേന്ദ്രമാക്കിയിരുന്ന ഡച്ചുകാരുമായും, കോലത്തിരിയുമായി സൗഹൃദമുണ്ടാക്കിയ പോര്‍ച്ചുഗീസുകാരുമായും, അതോടൊപ്പം മലേഷ്യ, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ മറ്റ് ഏഷ്യാ-യൂറോപ്യന്‍ രാജ്യങ്ങളുമായും താഴെക്കാട്ട് മനയ്ക്ക് സുഗന്ധദ്രവ്യ വ്യാപരമുണ്ടായിരുന്നെന്നതിന് തെളിവാണ്, ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച നമസ്‌ക്കാര മണ്ഡപത്തില്‍ വിദേശനാണയങ്ങള്‍ ഉപയോഗിക്കാന്‍ കാരണമെന്ന് കരുതുന്നു. ഒരു നൂറ്റാണ്ട് മുമ്പ് താഴെക്കാട്ട് മനയുടെ ഉടമസ്ഥതയിലായിരുന്നു ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രം.