വയനാട്: വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ബേഗൂര്‍ ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ഔഷധത്തോട്ടം കത്തിനശിച്ചു. അമ്പുകുത്തിയിലെ തോട്ടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടോടെ തീ പടരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവര്‍ ഫോറസ്റ്റ് അധികൃതരെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു.

തോട്ടത്തില്‍ അടിക്കാട് നിറഞ്ഞതിനാല്‍ നിമിഷങ്ങള്‍ക്കകം തീ തോട്ടം മുഴുവനായും വ്യാപിച്ചു കൊണ്ടിരുന്നു. മൂന്ന് ഹെക്ടറിലധികമുള്ള സ്ഥലത്തെ മരങ്ങളും അപൂര്‍വ്വ സസ്യഇനങ്ങളും കത്തിനശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. മാനന്തവാടിയില്‍ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് രണ്ട് മണിക്കൂറോളം സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്.

വനംവകുപ്പ് പരിപാലിച്ചിരുന്ന അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങള്‍ കത്തിനശിച്ചവയില്‍പ്പെടും. തോട്ടത്തിനുള്ളിലെ വനംവകുപ്പിന്റെ തന്നെ തേന്‍ സംസ്‌കരണ യൂണിറ്റിലേക്കും സമീപത്തെ ജനവാസമേഖലയിലേക്കും തീ പടരാതിരുന്നത് നാശത്തിന്റെ വ്യാപ്തി കുറച്ചു. അതേ സമയം കൃത്യസമയത്ത് ഫയര്‍ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ തീപിടുത്തം ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ സൂചിപ്പിച്ചു.