ഇടുക്കി: പ്രസവിക്കാതെ തന്നെ പാല്‍ ചുരത്തുവാന്‍ തുടങ്ങിയ കരുണാപുരത്തെ ആട് അത്ഭുതമായി മാറിയിരിക്കുകയാണ്. ഗര്‍ഭധാരണം നടത്താത്ത ഈ ആട് പാല്‍ ചുരത്തുവാന്‍ തുടങ്ങിയിട്ട് മാസം ഏഴ് കഴിഞ്ഞു. കരുണാപുരം കുളത്തിങ്കല്‍ പ്രസാദ് നായരും ഭാര്യ രാധാമണിയും പൊന്നുപോലെ വളര്‍ത്തുന്ന രണ്ട് വയസ്സുകാരി ആടാണ് ദിവസവും രണ്ട് നേരം പാല്‍ തരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ആട്ടിന്‍ കൂട്ടില്‍ ഒഴുകി കിടന്ന പാല്‍ ആദ്യം കണ്ടെങ്കിലും ആടിനെ അഴിച്ചു കൊട്ടുവാന്‍ ചെന്ന രാധാമണി ഇതിനെപ്പറ്റി കൂടുതലായൊന്നും ചിന്തിച്ചില്ല. അടുത്ത ദിവസവും ഇത്തരത്തില്‍ പാല്‍ കൂട്ടില്‍ തളംകെട്ടി കിടക്കുന്നത് കണ്ടെതിനെ തുടര്‍ന്ന് വീട്ടുകാര്‍ തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടറിനെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിദ്ദേശപ്രകാരം ആടിനെ കറക്കുകയും ചെയ്തു.

രണ്ടര ലിറ്റര്‍ പാലാണ് ആദ്യ കറവയില്‍ തന്നെ പാല്‍ ലഭിച്ചത്. ആട് ഗര്‍ഭിണിയാണെന്നുള്ള ധാരണയില്‍ കൂടെയുണ്ടായിരുന്ന മുട്ടനാടിനെ താമസിക്കാതെ വില്‍ക്കുകയും ചെയ്തു. പ്രസവിക്കേണ്ട സമയം കഴിഞ്ഞിട്ടും ആട് പ്രസവിക്കാതെ വന്നതോടെ വീണ്ടും വീട്ടുകാര്‍ മൃഗ ഡോക്ടര്‍ സമീപിച്ചത്. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ആടിന് ഗര്‍ഭമില്ലയെന്ന അത്ദുതവിവരം അറിയുന്നത്. ഹോര്‍മ്മോണിലുള്ള വ്യതിയാനമാകാം ആട് ഇത്തരത്തില്‍ പാല്‍ ചുരത്താന്‍ കാരണമെന്നാണ് ആടിനെ പരിശോധിച്ച നെടുങ്കണ്ടം മൃഗാശുപത്രിയിലെ സീനിയര്‍ ഡോ. സി.എന്‍ ദിനേശന്‍ പറയുന്നത്.
പാലിന്റെ ഘടനയില്‍ യാതൊരു വിത്യാസങ്ങളും ഇല്ലായെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കുമ്പോഴും ആട്ടിന്‍ പാല്‍ കുടിക്കുവാന്‍ ഇതുവരെ ആടിന്റെ ഉടമകള്‍ തയ്യാറായിട്ടില്ല. കരുണാപുരത്തെ ആട് ഭീകര ജീവി അല്ലെങ്കിലും അത്ഭുത ആടായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ആടിനെ കാണുവാന്‍ ദിനംപ്രതി വന്ന് പോകുന്നത്.
