തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്റെ മറവില്‍ ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നതൊഴിവാക്കാന്‍ സര്‍ക്കാര്‍ തന്നെ ഇടനിലക്കാരാകാന്‍ തീരുമാനം. ലാഭേച്ഛയില്ലാതെ അവയവദാനം ചെയ്യാന്‍ തയാറാകുന്നവരെ സര്‍ക്കാര്‍ തന്നെ കണ്ടെത്തും. ദാതാവോ സ്വീകര്‍ത്താവോ പരസ്പരം അറിയാതെ തന്നെ അവയവ ദാനം നടത്തും. 

അവയവദാനത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കാനും തീരുമാനമായി. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ജീവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടേയും രജിസ്ട്രി തയാറാക്കും. 

ഇങ്ങനെ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടേയും ദാതാക്കളുടേയും രജിസ്ട്രി സര്‍ക്കാര്‍ തയാറാക്കും. അവയവദാന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും ഉന്നതലയോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി തന്നെ ഈ പദ്ധതിയുടേയും നോഡല്‍ ഓഫിസായി പ്രവര്‍ത്തിക്കും. ഇന്നതലയോഗ തീരുമാനങ്ങള്‍ അടുത്ത മാസം 15 നകം ഹൈക്കോടതിയെ അറിയിക്കും. സ്റ്റേറ്റ് അറ്റോണി, നിയമ, ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.