ശബ്ദം കേട്ട് സമീപവാസികൾ എത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. അക്രമികൾ വീടിന്‍റെ ജനാലകൾ അടിച്ച് തകർത്തു. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കഴക്കൂട്ടം കമ്പിക്കകം സ്വദേശിനിയായ ഷജീലയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വീടിനോട് ചേർന്ന പുരയിടത്തിൽ സമൂഹ്യവിരുദ്ധർ മദ്യപാനവും മയക്കുമരുന്നും പതിവാക്കിയത് ഷജീലയുടെ മകൻ പൊലീസിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതെത്തുടർന്നാണ് നാലംഗ സംഘം വീട് ആക്രമിച്ചതെന്നാണ് ഷജീല പറയുന്നത്.

അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നും ഷജീല പറഞ്ഞു. ശബ്ദം കേട്ട് സമീപവാസികൾ എത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. ഷജീലയുടെ പരാതിയൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.