ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് പിന്നാക്ക സ്‌കോളര്‍ഷിപ്പായി കേരള സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും മിനിമം ബാലന്‍സില്ലെന്ന പേരില്‍ എസ്ബിഐ പിഴയായി ഈടാക്കിയ 468 രൂപ തിരികെ നല്‍കി. കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക വിദ്യാര്‍ത്ഥിനിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്.
നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ പണത്തില്‍ നിന്നും ബാങ്കിന്റെ പങ്ക് ഈടാക്കുന്നത് മനുഷ്യത്വരഹിതമെന്ന് മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് പറഞ്ഞു. 2013 മാര്‍ച്ച് 26 മുതല്‍ ആലപ്പുഴ എറിവുകാട് സ്വദേശിനി എസ് ആമിനക്ക് ആലപ്പുഴ ബ്രാഞ്ചില്‍ എസ്ബി (മൈനര്‍) അക്കൗണ്ടുണ്ട്. കഴിഞ്ഞ ജനുവരി 27 ന് അക്കൗണ്ടില്‍ നിന്നും 1000 രൂപ പിന്‍വലിക്കാനെത്തിയ ആമിനയുടെ അക്കൗണ്ടില്‍ നിന്നാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ 468 രൂപ പിടിച്ചത്.
പിന്നാക്ക സ്‌കോളര്‍ഷിപ്പായി സര്‍ക്കാര്‍ അനുവദിച്ച തുകയായിരുന്നു 1000 രൂപ. ആമിനക്ക് റുപേ എടിഎം കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി മാനേജര്‍ കമ്മീഷനെ അറിയിച്ചു. റുപേ കാര്‍ഡിന് ആനുവല്‍ ചാര്‍ജ് നല്‍കേണ്ട. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ അക്കൗണ്ട്, നോ ഫ്രില്‍ അക്കൗണ്ട്, ശമ്പള അക്കൗണ്ട്, ബേസിക് എസ്ബി അക്കൗണ്ട്, സ്‌മോള്‍ അക്കൗണ്ട്, 18 വയസുവരെയുള്ളവരുടെ അക്കൗണ്ടുകള്‍, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ അക്കൗണ്ടുകള്‍ എന്നിവക്ക് മിനിമം ബാലന്‍സ് പിഴ ഈടാക്കേണ്ടതില്ലെന്ന സര്‍ക്കുലര്‍ എസ്ബിഐ പുറത്തിറക്കിയതായും മാനേജര്‍ പറഞ്ഞു.
