ഒന്നര വയസുള്ള പെണ്‍കുഞ്ഞടക്കം അഞ്ചു പേരെയും കഴിഞ്ഞ 14 ന് തിരുവല്ലയില്‍ നിന്നുമാണ് കാണാതായത്. 

മാന്നാര്‍: മാന്നാറില്‍ കുട്ടിയടക്കം അഞ്ചുപേരെ കാണാതായ സംഭവത്തില്‍ കമിതാക്കളെ പോണ്ടിച്ചേരിയില്‍ നിന്നും പോലീസ് പിടികൂടി. മാന്നാര്‍ ഇരമത്തൂരില്‍ നിന്ന് രണ്ട് യുവാക്കളും ഒരു പെണ്‍കുട്ടിയും കരുന്നാഗപ്പള്ളിയിലുള്ള യുവതിയും ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെയും കാണാതായ കേസില്‍ കുട്ടിയടക്കം അഞ്ചു പേരെയും പോണ്ടിച്ചേരിയില്‍ നിന്നും പോലീസ് പിടികൂടി. 

മാന്നാര്‍ വിഷവര്‍ശേരിക്കര കീച്ചേരി പറമ്പില്‍ ഓമനക്കുട്ടന്‍റെ മകന്‍ ശിവകുമാര്‍ (21), വിഷവര്‍ശേരിക്കര അഞ്ചൂ ഭവനില്‍ അശോകന്‍റെ മകന്‍ അരുണ്‍കുമാര്‍ (22), ഇവര്‍ക്കൊപ്പം ഇരമത്തൂരിലുള്ള യുവതിയും കരുന്നാഗപ്പള്ളിയിലുള്ള മറ്റൊരു യുവതിയും ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെയുമാണ് മാന്നാര്‍ പോലീസ് പിടികൂടിയത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞടക്കം അഞ്ചു പേരെയും കഴിഞ്ഞ 14 ന് തിരുവല്ലയില്‍ നിന്നുമാണ് കാണാതായത്. കാണാതായവരുടെ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ലായിരുന്നു. 

കാണാതെയായ ഒരു യുവാവിന്‍റെ ഫോണിലേക്ക് മാന്നാറിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ മലയാളം കലര്‍ന്ന തമിഴ് സംഭാഷണം കേട്ടു. പിന്നീട് ആ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മാന്നാര്‍ പ്രദേശത്തുള്ളവര്‍ ഹൈറേഞ്ച് മേഖലയിലേക്ക് പോകുന്നത് തിരുവല്ലയിലോ ചങ്ങനാശേരിയിലോ എത്തിയാണ്. ഇവര്‍ അവിടെ കാണാന്‍ സാധ്യതയുണ്ടെന്നായിരുന്നു പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

 തുടര്‍ന്ന് മാന്നാര്‍ പൊലീസ് ഒളിവില്‍ കഴിഞ്ഞ ഇവരെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ടവര്‍ ലേക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച പോണ്ടിച്ചേരിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. എസ് ഐ മഹഷ്, ജൂനിയര്‍ എസ് ഐ പ്രതീപ്, സി പി ഒ മാരായ രജീഷ്, റിയാസ് എന്നിവര്‍ അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.