ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി നാളെ. അർധരാത്രി അപ്രതീക്ഷിതമായി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റി നിർത്തിയത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കാണ് വഴിവച്ചത്.

സിബിഐയിലെ പാതിരാ അട്ടിമറിയില്‍ കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. രണ്ടു വര്‍ഷത്തെ കാലാവധിയുള്ളപ്പോള്‍ അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മയാണ് കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പറയുക.

സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി. അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയിൽ നൽകിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീൻ ചിറ്റ് നൽകാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നൽകിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.