മേപ്പാടി-ചൂരല്‍മല റൂട്ടിലെ സമാന്തര ജീപ്പ് സര്‍വീസ് കാരണം കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന് അധികൃതര്‍

വയനാട്: മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളിലേക്ക് ട്രിപ്പ് മുടക്കി യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രഹരം. രാത്രി 8.30ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള സര്‍വീസ് ഒരാഴ്ച്ചയായി റദ്ദാക്കിയതിന് പുറമെ രാത്രി 9.15ന് അട്ടമല ഭാഗത്തേക്കുള്ള ബസ് മുടക്കിയാണ് യാത്രക്കാരെ പെരുവഴിയിലാക്കിയിരിക്കുന്നത്. ഗാരേജുമായി ബന്ധപ്പെട്ട യാത്രക്കാര്‍ക്ക് ബസ് തകരാറിലാണെന്ന മറുപടിയാണ് ലഭിക്കുക. ബസ് ഉണ്ടാകുമെന്ന ധാരണയില്‍ നാലുമണിക്കൂറോളമാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാര്‍ കാത്തിരുന്നത്. 

യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ ഗാരേജില്‍ നിന്ന് മറ്റൊരു ബസ് അയച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. രാത്രി 8.30ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള സര്‍വീസ് ടയര്‍ക്ഷാമമുണ്ടെന്ന് കാട്ടി അധികൃതര്‍ ഒരാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതോടെ യാത്രക്കാര്‍ ഒന്നടങ്കം 9.15നുള്ള ബസിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മുന്നറിയിപ്പില്ലാതെ അധികൃതര്‍ ഈ സര്‍വീസും മുടക്കിയതാണ് ഇരുട്ടടിയായത്. 

വൈകുന്നേരം 6.10നുള്ള ബസ് പോയിക്കഴിഞ്ഞാല്‍ ചൂരല്‍മലയിലേക്കുള്ള യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കണമെന്നതാണ് അവസ്ഥ. കല്‍പ്പറ്റയിലും മേപ്പാടിയിലും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് രാത്രി വൈകിയും കാത്തിരിക്കേണ്ടി വരുന്നത്. അതേ സമയം മേപ്പാടി-ചൂരല്‍മല റൂട്ടിലെ സമാന്തര ജീപ്പ് സര്‍വീസ് കാരണം കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്നും ജനങ്ങള്‍ സഹകരിക്കുന്നില്ലെന്നുമാണ് ട്രിപ്പ് മുടക്കിയതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്.