മുട്ട ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴ: ഹരിപ്പാട് വെച്ച് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും മുട്ട കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ബസ് യാത്രക്കാര്‍ക്കും ബസിന്റെ പിന്നില്‍ ബൈക്ക് ഇടിച്ച് കയറി ബൈക്ക് യാത്രക്കാരനും നിസാര പരിക്കേറ്റു. ലോറി ഡ്രൈവര്‍ ശക്തി (45)ക്കാണ് പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരന്‍ തഴവ സ്വദേശി രാജീവ്, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. 

ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. ദേശീയപാതയില്‍ നാരകത്തറ ജംഗ്ഷന് സമീപം ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മുന്‍വശത്ത് തമിഴ്‌നാട് നാമക്കല്ലില്‍ നിന്ന് കായംകുളത്തേക്ക് മുട്ടകയറ്റിവന്ന ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പെട്ടെന്ന് നിന്നു പോയ സൂപ്പര്‍ഫാസ്റ്റിന്റെ പിന്നില്‍ ബൈക്ക് ഇടിച്ചു കയറി. മുട്ട ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.