പൂച്ചാക്കല്‍ പെരുമ്പളം കവലയില്‍ അപ്പുക്കുട്ട കൈമളുടെ ഉടമസ്ഥതയിലുള്ള മഹാദേവ ലക്കി സെന്ററിലാണ് ഇത്തരത്തിലുള്ള ടിക്കറ്റുകള്‍ ലഭിച്ചത്.

ആലപ്പുഴ: സംസ്ഥാനത്തിന്റെ 'സ്ത്രീശക്തി' ഭാഗ്യക്കുറിയുടെ ചില ടിക്കറ്റുകളില്‍ സമ്മാന നമ്പറും ബാര്‍കോഡും ഇല്ലെന്ന് പരാതി. പൂച്ചാക്കല്‍ പെരുമ്പളം കവലയില്‍ അപ്പുക്കുട്ട കൈമളുടെ ഉടമസ്ഥതയിലുള്ള മഹാദേവ ലക്കി സെന്ററിലാണ് ഇത്തരത്തിലുള്ള ടിക്കറ്റുകള്‍ ലഭിച്ചത്. 

ടിക്കറ്റിന്റെ വലതുവശത്ത് താഴെ കാണേണ്ട സമ്മാന നമ്പറും ഇടതുവശത്ത് താഴെ കാണേണ്ട ബാര്‍കോഡും ഇല്ലാതെ അവിടെ ശൂന്യമായ വെള്ളനിറം മാത്രമാണുള്ളത്. ഇന്നു നറുക്കെടുക്കേണ്ട ടിക്കറ്റിലും കഴിഞ്ഞ 13 ലെ ടിക്കറ്റിലും സമ്മാന നമ്പറും ബാര്‍കോഡും ഇല്ലാതെ ലഭിച്ചിട്ടുണ്ട്. ഭാഗ്യക്കുറിയുടെ കെട്ടിനുള്ളിലാണ് കാണപ്പെട്ടത്. അങ്ങനെയുണ്ടായാല്‍ ടിക്കറ്റിന്റെ വില വില്‍പനക്കാരന് നഷ്ടമാണ്. അപ്പുക്കുട്ട കൈമള്‍ ചെറുകിട വില്‍പനക്കാരനാണ്. 

എന്നാല്‍ പലര്‍ക്കും ഇത്തരത്തില്‍ ടിക്കറ്റ് ലഭിക്കാറുണ്ടെന്ന് പരാതിയുണ്ട്. ടിക്കറ്റില്‍ അപാകതയുണ്ടെങ്കില്‍ അതിന്റെ പണം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് നേടിയെടുക്കാന്‍ ടിക്കറ്റിനെക്കാള്‍ കൂടിയ തുക ചെലവാകുമെന്നതിനാല്‍ വില്‍പനക്കാര്‍ അതിന് തുനിയാറില്ലത്രെ. പതിവായി ഇങ്ങനെ വരുന്നത് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണെന്നും സമ്മാന അട്ടിമറി സാധ്യതയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.