ആശുപത്രിയില്‍ നില്‍ക്കാന്‍ സാധിക്കാത്തവിധം ദുര്‍ഗന്ധം വമിച്ചതോടെ ചികിത്സയ്ക്കായി എത്തിയ പലരും ഡോക്ടറെ കാണാതെ മടങ്ങി.
ഇടുക്കി: മൃതദേഹം ചീഞ്ഞ് മോര്ച്ചറിയില് നിന്നും ദുര്ഗന്ധം വമിച്ചു. ഫ്രീസര് സൗകര്യം ഇല്ലാതെ മൂന്ന് ദിവസത്തോളമാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്ച്ചറിയില് മൃതദേഹം സൂക്ഷിച്ചത്. ദുര്ഗന്ധം വമിച്ചതോടെ ചികിത്സയ്ക്കെത്തിയ രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തിലായി.
നെടുങ്കണ്ടം ടൗണിലെ വ്യാപാര സ്ഥാപനത്തിനു സമീപം 26 നാണ് വയോധികനെ മരിച്ച നിലയില് കണ്ടെത്തിയത്. 70 വയസ് പ്രായം തോന്നിച്ചിരുന്ന ഇയാള് വര്ഷങ്ങളായി നെടുങ്കണ്ടം ടൗണിലെ കടതിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. വയോധികന്റെ ബന്ധുക്കളെ കുറിച്ച് കൂടുതല് വിവരങ്ങള് ലഭ്യമല്ലാത്തതിനാല് ഇന്ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്ച്ചറിയിലേയ്ക്ക് മാറ്റുകയും മാധ്യമങ്ങള് വഴി പോലീസ് അറിയിപ്പ് നല്കുകയുമായിരുന്നു.
എന്നാല് മോര്ച്ചറിയിലെ ഫ്രീസര് സംവിധാനം നിലവില് പ്രവര്ത്തന സജ്ജമായിരുന്നില്ല. മൂന്ന് ദിവസത്തോളം മോര്ച്ചറിയില് യാതോരു സംവിധാനവും കൂടാതെയാണ് മൃതദേഹം സൂക്ഷിച്ചത്. മരണം സംഭവിച്ച് ദിവസങ്ങള് കഴിഞ്ഞിട്ടും പരേതനെ കുറിച്ച് അന്വേണവുമായി ബന്ധുക്കളോ സുഹൃത്തുകളോ എത്താതിരുന്നതോടെ പോസ്റ്റ് മാര്ട്ടം നടത്തി മൃതദേഹം പൊതു ശ്മശാനത്തില് മറുവു ചെയ്യുന്നതിന് നടപടികള് ആരംഭിക്കുകയായിരുന്നു.
പോസ്റ്റ് മാര്ട്ടം നടപടികള് ആരംഭിച്ചതോടെ മൂന്ന് ദിവസം പഴക്കം ചെന്ന മൃതദേഹത്തില് നിന്ന് പ്രദേശത്ത് വന് ദുര്ഗന്ധം ഉയര്ന്നു. ആശുപത്രിയില് ഒപി ടിക്കറ്റ് കൗണ്ടറിനും ഒപി പരിശോധനാ കെട്ടിടത്തിനും ആശുപത്രി കാന്റീനും സമീപത്തായാണ് മോര്ച്ചറി സ്ഥിതി ചെയ്യുന്നത്. വലിയ ദുര്ഗന്ധം ഉയര്ന്നതോടെ രോഗികള്ക്കും ജീവനക്കാര്ക്കും പ്രദേശത്ത് നില്ക്കാനാവാത്ത സാഹചര്യമുണ്ടായി.
ദിവസേന 500 ലധികം ഒപി രോഗികള് എത്തുന്ന ആശുപത്രിയാണ് നെടുങ്കണ്ടം. കൈകുഞ്ഞുങ്ങളുമായി എത്തിയവരും പ്രായമായവരും അടക്കമുള്ള രോഗികള് ചികിത്സ ലഭ്യമാകുന്നതിനായി മൂക്ക് പൊത്തി നില്ക്കേണ്ട അവസ്ഥയായിരുന്നു. ആശുപത്രിയില് നില്ക്കാന് സാധിക്കാത്തവിധം ദുര്ഗന്ധം വമിച്ചതോടെ ചികിത്സയ്ക്കായി എത്തിയ പലരും ഡോക്ടറെ കാണാതെ മടങ്ങി. ഒപി കൗണ്ടറില് ഇരുന്ന ജീവനക്കാര് പല തവണ കൗണ്ടര് അടച്ച് ഇറങ്ങി പോകേണ്ട അവസ്ഥ വന്നു. ഡോക്ടര്മാര്ക്കും രോഗികളെ ചികിത്സിക്കാന് സാധിയ്ക്കാത്ത അവസ്ഥയായിരുന്നു.
ആശുപത്രിയിലെ ഫ്രീസര് സംവിധാനം ദിവസങ്ങളായി പ്രവര്ത്തന രഹിതമായതായാണ് വിവരം. മൃതദേഹം സൂക്ഷിയ്ക്കാന് സൗകര്യങ്ങള് ഇല്ലാതിരിക്കെയാണ് മോര്ച്ചറിയില് മൃതദേഹം എത്തിച്ചത്. ദുര്ഗന്ധം വമിയ്ക്കാനുള്ള സൗഹചര്യം ഉള്ളതിനാല് മൃതദേഹം മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന നിര്ദേശവും അധികൃതര് നല്കിയില്ല. പോസ്റ്റുമാര്ട്ടം നടപടികള് പൂര്ത്തിയാക്കി മൃതദേഹം കൊണ്ട് പോയിട്ടും മണിക്കൂറുകളോളം ദുര്ഗന്ധം നിലനിന്നിരുന്നു.
