ഭരണകൂടവും ബുദ്ധിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളും വേട്ടയാടിയതിനെ തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്ന് ഏതാണ്ട് 7 ലക്ഷം റോഹിങ്ക്യകള്‍ രാജ്യം വിട്ടതായാണ് കണക്ക്. 

യങ്കൂണ്‍: റോഹിങ്ക്യന്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് മ്യാന്മാര്‍ സൈനീകതാവളം തീര്‍ത്തതായി റിപ്പോര്‍ട്ട്. ഭരണകൂടവും ബുദ്ധിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളും വേട്ടയാടിയതിനെ തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്ന് ഏതാണ്ട് 7 ലക്ഷം റോഹിങ്ക്യകള്‍ രാജ്യം വിട്ടതായാണ് കണക്ക്. 

കഴിഞ്ഞ ഓഗസ്റ്റ് 25 ന് തീവ്രവാദി ആക്രമണത്തില്‍ പടിഞ്ഞാറന്‍ മ്യാന്‍മാറിലെ റാഖൈന്‍ സംസ്ഥാനത്ത് 350 ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തു. ഈ സ്ഥലത്താണ് ഇപ്പോള്‍ മ്യാന്‍മാര്‍ പുതിയ സൈനീക കേന്ദ്രം തുറന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

റാഖൈന്‍ സംസ്ഥാനത്ത് സൈന്യം നാടകീയമായ രീതിയില്‍ ഭൂമി പിടിച്ചെടുക്കുകയാണെന്ന് ആംനസ്റ്റിയുടെ പ്രതിനിധി തരാന ഹസ്സന്‍ പറഞ്ഞു. എന്നാല്‍, അഭയാര്‍ഥികള്‍ക്ക് വേണ്ടി പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ഗ്രാമങ്ങള്‍ നിരപ്പാക്കുകയാണ് ചെയ്തതെന്ന് മ്യാന്‍മര്‍ അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ നികത്തപ്പെട്ട ഗ്രാമങ്ങളില്‍ അതിര്‍ത്തി തിരിച്ച ശേഷം സൈനീക പോസ്റ്റുകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആംനെസ്റ്റി, ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ കഴിഞ്ഞ നവംബറില്‍ മ്യാന്മാറും ബംഗ്ലാദേശും അഭയാര്‍ത്ഥികളെ സംമ്പന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരം ബംഗ്ലാദേശില്‍ ഇപ്പോഴുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മാറിലേക്ക് തിരികെയെത്താന്‍ അനുവദിക്കും. ഇത്തരത്തില്‍ തിരിച്ചെത്തുന്ന അഭയാര്‍ഥികളെ പാര്‍പ്പിക്കുവാനുള്ള ക്യാമ്പുകളാണ് പണിയുന്നതെന്നും ഇവ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാര്‍ത്തകളുണ്ട്.