തിരുവനന്തപുരം: നടാകെ പുതുവര്‍ഷം ആഘോഷിച്ചപ്പോള്‍ ഓഖിയുടെ വിറങ്ങലിപ്പ് വിട്ടുമാറാത്ത തീരദേശത്ത് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കടലില്‍ കാണാതായ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു തീരദേശ വാസികള്‍. പാട്ടും നൃത്തവുമായി പുതുവര്‍ഷത്തെ വരവേറ്റ പൂന്തുറയായിരുന്നില്ല ഇത്തവണത്തേത്. പള്ളിയും പരിസരവും അലങ്കരിച്ചില്ല. ഒരു വീട്ടിലും നക്ഷത്രം പോലും തൂക്കിയില്ല. പകരം ഓഖിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാന്ജലി കളര്‍പ്പിച്ച ഫ്‌ലെക്‌സുകള്‍ മാത്രം. കടപ്പുറത്ത് അവര്‍ക്ക് സമര്‍പ്പിച്ച റോസാപ്പൂക്കള്‍ വാടിയപ്പോള്‍ മാറിയിട്ടിരിക്കുന്നു. ഇതുവരേം വിവരമൊന്നും ലഭിയ്ക്കാത്ത 29 പേരുടെ ഫോട്ടോകളുടെ മറ്റൊരു ഫ്‌ലെക്‌സ്.
ഓഖിയില്‍ അകപ്പെട്ട തീരത്തു അണയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരോട് ആദര സൂചകമായി അര്‍ധ രാത്രിയില്‍ ആകാശത്തേക്ക് ദീപം പരത്തിയായിരുന്നു തീരദേശം പുതു വര്‍ഷത്തെ വരവേറ്റത്.ദുരിതത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കോവളം തീരത്ത് ആയിരം മണ്‍ ചിരാകുകളും ആയിരം മെഴുകുതിരികളും തെളിഞ്ഞു. എട്ടുമണിയോടെ കോവളം ഹവ്വാ ബീച്ചില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ആദ്യ ചിരാക് തെളിച്ച് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് തീരത്ത് ഒരുക്കിയിരുന്ന ചിരാകുകളും മെഴുകുതിരികളും ഓരോന്നായി തെളിഞ്ഞു. സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ചേര്‍ന്ന് ഒരുക്കിയ പരിപാടിയില്‍ തീരത്തിന്റെ വേദനയില്‍ പങ്കുചേരാന്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. 2017 ല്‍ മലയാളികളെ മുഴുവന്‍ തീരാദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഓഖി ദുരന്തം. 125 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് നടന്ന വലിയ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികളുടെയും വിവിധ ഡിപ്പര്‍ട്ട്മെന്റുകളുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാരിനും പരമാവധി ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഇനിയും 100 കണക്കിന് ആളുകളെ കണ്ടെത്താന്നുണ്ട്. അതിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളില്‍ നടന്ന് വരുന്ന പുതുവര്‍ഷാഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പകരം കടലില്‍ കാണാതായവര്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കും ഓഖി ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് വേണ്ടിയുള്ള അനുശോചനത്തിലും തിരികള്‍ തെളിയിക്കുന്നുവെന്നു മന്ത്രി പറഞ്ഞു.
2018 പ്രത്യാശയുടെ വര്‍ഷം ആകട്ടെയെന്നും ഇത്തരം ദുരന്തകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്നും ഓഖി ദുരിത ബാധ്യതരുടെ കുടുംബങ്ങള്‍ അനാഥരായി പോകാതെ സര്‍ക്കാര്‍ കൂടെകാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭ മേയര്‍ വി.എസ്. പ്രശാന്ത് തിരി തെളിയിച്ചു.
