നീലക്കുറിഞ്ഞി കാണാന്‍ ഇത്ത‌വണ അഞ്ച‌് ലക്ഷം പേർ എത്തുമെന്ന‌് പ്രതീക്ഷിക്കുന്നു.
ഇടുക്കി: രാജമല സന്ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അവസരമുണ്ടാകും. ഇത്തവണ നീലക്കുറിഞ്ഞി പൂവിടാൻ കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് ആഗസ്ത് ഒന്നു മുതൽ രാജമലയിലേക്ക് പ്രവേശനം അനുവദിക്കും.
കുറിഞ്ഞി സീസൺ സമയത്ത് ഒരുദിവസം 3500 പേർക്കേ ഉദ്യാനം സന്ദർശിക്കുന്നതിന് അനുമതി നൽകുകയുള്ളൂ. ഇതിൽ 75 ശതമാനം ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കായിരിക്കും. മുതിർന്നർക്ക് 120 രൂപയും കുട്ടികൾക്ക് 90 രൂപയുമാണ് നിരക്ക്. വിദേശ ടൂറിസ്റ്റുകൾക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്യാമറ ഉപയോഗിക്കുന്നവരിൽനിന്നും 40 രൂപ അധികം ഈടാക്കും.
2006ലാണ് അവസാനമായി രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത്. അന്ന് മൂന്ന് ലക്ഷത്തിലധികം സന്ദർശകർ എത്തിയതാണ് കണക്ക്. എന്നാൽ, ഇത്തവണ അഞ്ച് ലക്ഷം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാറിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആശ്യമായ നടപടികൾ ഇതിനോടകം ആരംഭിച്ചു. കഴിഞ്ഞു. ഓൺലൈൻ ബുക്കിങ്ങിന് www.munnarwildlife.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
