ആശുപത്രി കെട്ടിടം കോളേജിന് കൈമാറിയ വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും പഠിച്ചശേഷം തീരുമാനം പറയാമെന്നും മന്ത്രി യോഗത്തില്‍ മറുപടി നല്‍കി.

കാസര്‍കോട്: നാട്ടുകാരുടെ ദാനഭൂമിയില്‍ പാവപ്പെട്ട കിടപ്പുരോഗികള്‍ക്കായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം സി.പി.എം.ഭരിക്കുന്ന ഗ്രാമപഞ്ചായത്ത്, കോളേജിന് വിട്ടുനല്‍കിയെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ചര്‍ച്ചയായി. സെല്‍ കമ്മിറ്റി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞിയാണ് കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെല്‍ യോഗത്തില്‍ വിഷയം മന്ത്രി ഇ.ചന്ദ്രശേഖരന് മുന്നില്‍ അവതരിപ്പിച്ചത്.

എന്‍ഡോസല്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ നാട്ടുകാരുടെ ദാനഭൂമിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലിയേറ്റിവ് കെയര്‍ ആശുപത്രി ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്ക് അടിയന്തിരമായി തുറന്ന് കൊടുക്കണമെന്നും കെട്ടിടം കോളേജിന് കൈമാറരുതെന്നും മുഹമ്മദ് കുഞ്ഞി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രി കെട്ടിടം കോളേജിന് കൈമാറിയ വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും പഠിച്ചശേഷം തീരുമാനം പറയാമെന്നും മന്ത്രി യോഗത്തില്‍ മറുപടി നല്‍കി.

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ തോളേനിയില്‍ ഒന്നരക്കോടിയോളം രൂപ ചിലവില്‍ ആധുനിക രീതിയിലുള്ള ആശുപത്രി കെട്ടിടം നിമ്മിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള കരിന്തളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച സയന്‍സ് കോളേജിന് ഗ്രാമപഞ്ചായത്ത് താത്കാലികമായി ഈ കെട്ടിടം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും അത്യാസന്ന നിലയിലായ ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെയും കിടത്തി ചികിത്സിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കരിന്തളത്ത് ആധുനിക സൗകര്യങ്ങളോടുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. ആദ്യം നാട്ടുകാര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ പാലിയേറ്റീവ് കെയറിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ആളുകള്‍ സൗജന്യമായാണ് സ്ഥലം നല്‍കിയത്. തോളേനിമുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് 90 സെന്റ് സ്ഥലമാണ് പാലിയേറ്റിവിനുള്ളത്. 

സ്ഥലം ലഭിച്ചതോടെ കെട്ടിടം പണിയാന്‍ കമ്മറ്റി ഭാരവാഹികള്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടിയിരുന്നു. എന്നാല്‍ ഗവന്‍മെന്റ് സ്ഥാപനമോ പഞ്ചായത്തിന്റെയോ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നബാര്‍ഡ് സാമ്പത്തിക വായ്പ്പ ലഭിക്കുകയുള്ളൂവെന്നതിനാല്‍ പാലിയേറ്റിവ് കെയറിന് വേണ്ടി വാങ്ങിയ സ്ഥലം പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പഞ്ചായത്തിന് കൈമാറുകയായിരുന്നു.

സ്ഥലം പഞ്ചായത്തിന് കൈമാറിയതോടെ നബാര്‍ഡ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ സാമ്പത്തിക വായ്പ്പ അനുവദിച്ചത്.
1.25 കോടി രൂപയാണ് കെട്ടിടം പണിക്കായി നബാര്‍ഡ് നല്‍കിയത്. പതിനാറ് മുറികളുള്ള ഇരുനില കെട്ടിടമാണ് പാലിയേറ്റിവ് ആശുപത്രിക്കായി നിര്‍മ്മിച്ചത്. പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന കരിന്തളത്ത് പി.കരുണാകരന്‍ എം.പി.മുന്‍കൈ എടുത്താണ് കോളേജ് കൊണ്ടുവന്നത്. 

ആശുപത്രി കെട്ടിടം കോളേജിന് മാറ്റിനല്‍കിയാല്‍ പ്രധിഷേധം ഉണ്ടാകാനിടയില്ല എന്നതിനാലാണ് പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആശുപത്രി കെട്ടിടം കോളേജാക്കുന്നതെന്ന് പൊതുവെ ആരോപണമുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി
നിര്‍മ്മിച്ച ആശുപത്രി കെട്ടിടം കോളേജിന് കൈമാറാനായുള്ള നീക്കത്തില്‍ നിന്നും പഞ്ചായത്ത് ഭരണ സമിതി പിന്മാറണമെന്നും അല്ലാത്ത പക്ഷം പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ രോഗികള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തുമെന്നും കെ.ബി.മുഹമ്മദ് കുഞ്ഞി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.