സ്ഥിരം ഹജ്ജ് ഹൗസ് അടക്കമുള്ള സൗകര്യങ്ങളെല്ലാം കരിപ്പൂരുണ്ടെങ്കിലും എംബാര്‍ക്കേഷൻ പോയിന്‍റില്ലാത്തത് മലബാര്‍ മേഖലയിൽ നിന്നുള്ള ഹാജിമാരെ വലയ്ക്കുമെന്ന് ഉറപ്പ്. 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇത്തവണയും ഹജ്ജ് സര്‍വ്വീസ് ഇല്ല. ഹജ്ജ് തീർത്ഥാടനത്തിനായി അനുവദിച്ച 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരിന് ഉള്‍പ്പെടാന്‍ സാധിച്ചില്ല. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഇല്ലാത്തതാണ് കാരണമായത്. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പട്ടികയിൽ നെടുമ്പാശേരി അടക്കം 20 ഹജ്ജ് എംബാര്‍ക്കേഷൻ പോയിന്‍റുകളാണ് ഈ വര്‍ഷമുള്ളത്.

സ്ഥിരം ഹജ്ജ് ഹൗസ് അടക്കമുള്ള സൗകര്യങ്ങളെല്ലാം കരിപ്പൂരുണ്ടെങ്കിലും എംബാര്‍ക്കേഷൻ പോയിന്‍റില്ലാത്തത് മലബാര്‍ മേഖലയിൽ നിന്നുള്ള ഹാജിമാരെ വലയ്ക്കുമെന്ന് ഉറപ്പ്. റണ്‍വെ തകരാറിന്‍റെ പേരിൽ രണ്ടു വര്‍ഷം മുൻപ് നിര്‍ത്തി വച്ച വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാത്തതാണ് കരിപ്പൂരിന് തിരിച്ചടിയാകുന്നത്. 31നകം വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുമെന്നാണ് ജനപ്രതിനിധികൾക്ക് ഡിജിസിഎ നൽകിയ ഉറപ്പ്.

സംസ്ഥാനത്തെ ഹജ്ജ് എംബാര്‍ക്കേഷൻ പോയിന്‍റ് കരിപ്പൂരിൽ തന്നെ നിലനിര്‍ത്തണമെന്ന് കേന്ദ്ര വ്യാമയാന മന്ത്രാലയത്തോട് മുഖ്യമന്ത്രി അടക്കം ആവശ്യപ്പെട്ടിരുന്നു. കരിപ്പൂരിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയിൽ പ്രതിഷേധിച്ച് എം.കെ. രാഘവൻ എംപി 24 മണിക്കൂര്‍ ഉപവാസവും നടത്തി. പക്ഷേ, കരിപ്പൂരിനോട് ഏറെ നാളായുള്ള അവഗണനകള്‍ തുടരുകയാണ്.