നിരവധി കുട്ടികളാണ് ഞായറാഴ്ചകളില്‍ ശിശുസൗഹൃദ സ്റ്റേഷനില്‍ എത്തുന്നത്.

തൃശൂര്‍: ശിശു സൗഹാര്‍ദ്ദ പൊലീസ് സ്റ്റേഷനായി മാറിയ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഞായറാഴ്ചകളില്‍ ഇനി കുട്ടികളുടെ ആശുപത്രിയാവും. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ 11വരെ പീഡിയാട്രിഷ്യന്‍റെ സേവനം ഇവിടെ ലഭ്യമാവും. ജില്ലാ ആശുപത്രിയിലെ ശിശുരോഗ ചികിത്സാ വിദഗ്ദന്‍ ഡോ. ജയദേവന്‍ കഴിഞ്ഞ ഞായറാഴ്ച കുട്ടികളെ പരിശോധിച്ചു. 

കഴിഞ്ഞ ശിശുദിനത്തിലാണ് ഈസ്റ്റ് സ്റ്റേഷനോട് ചേര്‍ന്ന് കുട്ടികളുടെ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പൊലീസിനെ അറിയുകയും പൊലീസിന്‍റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും അറിയുന്നതിനും കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവുമായി ബന്ധപ്പെട്ടും വിജ്ഞാപന വ്യാപന കേന്ദ്രങ്ങളായിട്ടാണ് ശിശുസൗഹൃദ സ്റ്റേഷന്‍റെ പ്രവര്‍ത്തനം. ചില്‍ഡ്രന്‍ ആന്‍റ് പൊലീസ് (സിഎപിഫ് ക്യാപ്) ജില്ലയിലെ ആദ്യത്തേതാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍. 

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള മുഴുവന്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുന്നതിന് ക്യാംപ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക അധികാരമുണ്ട്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളും വേഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാനും ക്യാംപിന് കഴിയും. യൂണിസെഫിന്‍റെ സഹകരണത്തോടെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓആര്‍സി) പദ്ധതിയുടെ ഭാഗമായാണ് പൊലീസിന്‍റെ ശിശുസൗഹൃദ പദ്ധതി. 

കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറായി സ്റ്റേഷന്‍ പരിസരം ചിത്രങ്ങളും വരകളുമായി മുതിര്‍ന്ന പൊലീസുമാമന്മാര്‍ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. നിരവധി കുട്ടികളാണ് ഞായറാഴ്ചകളില്‍ ശിശുസൗഹൃദ സ്റ്റേഷനില്‍ എത്തുന്നത്. ഇവിടത്തെ പൊലീസുകാരുടെ മനസിനും ഇതൊരു കുളിര്‍മയായി.