കാസര്‍കോട്: നാട്ടിലെ പോസ്റ്റ് മാസ്റ്റര്‍ ഒരു ദിവസം നാട്ടുകാരുടെ ദൈവമായിമാറി. കാസര്‍കോട് ബളാല്‍ പോസ്റ്റ് മാസ്റ്റര്‍ നീലേശ്വരം പള്ളിക്കര സ്വദേശി പ്രദീപനാണ് (34) കഴിഞ്ഞ ദിവസം നാട്ടാരുടെ ദൈവമായി അരങ്ങിലെത്തിയത്. തെയ്യം കലാകാരന്‍ കൂടിയായ പ്രദീപന്‍ ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിലാണ് പൊട്ടന്‍ തെയ്യമായി നാട്ടിലെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞത്.
കഴിഞ്ഞ ആറ് വര്‍ഷമായി പ്രദീപന്‍ ബളാലില്‍ പോസ്റ്റ് മാസ്റ്ററാണ്. നാട്ടിലെ എല്ലാവരും മാഷെന്ന് വിളിക്കുന്ന പ്രദീപനെ കളിയാട്ട ദിവസം നാട്ടുകാര്‍ ' എന്റെ ദൈവേ ' എന്നുവിളിച്ചു. അനുഗ്രഹത്തിനെത്തിയപ്പോള്‍ മഞ്ഞള്‍ കുറി പ്രസാദമായി നല്‍കി തെയ്യം നാട്ടാരെ അനുഗ്രഹിച്ചു. പള്ളിക്കരയില്‍ ഒറ്റക്കോല മഹോത്സവത്തില്‍ വിഷ്ണു മൂര്‍ത്തിയായി അഗ്‌നി പ്രവേശനം നടത്തിയ പ്രദീപനെ ആചാര വള നല്‍കി പണിക്കര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്.
ഉത്തര കേരളത്തിലെ കളിയാട്ട കാവുകളില്‍ വിഷ്ണു മൂര്‍ത്തിയായും ചാമുണ്ഡിയായും ഗുളികനായും പൊട്ടന്‍ ദൈവമായും പോസ്റ്റ് മാസ്റ്റര്‍ പ്രദീപന്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. പള്ളിക്കരയിലെ പ്രശസ്ത തെയ്യം കലാകാരനായിരുന്ന രാമകൃഷ്ണന്‍ പണിക്കരുടെ മകനാണ് പ്രദീപന്‍. പോസ്റ്റ്മാസ്റ്ററായ പ്രദീപന്‍ അവധി ദിവസങ്ങളിലും ജോലി കഴിഞ്ഞുള്ള സമയങ്ങളിലുമാണ് തെയ്യം കലാകാരനായി എത്തുന്നത്. തോറ്റം പാട്ടിലും ചെണ്ടയിലും പ്രദീപന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
