ധാക്ക: ഭൂമിയിലെ ദൈവീക സാന്നിധ്യത്തെ രോഹിംഗ്യകളെന്ന് വിളിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെത്തിയ മാര്‍പാപ്പ ധാക്കയില്‍ വച്ച് രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസ്താവന നടത്തിയത്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇത് ആദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ രോഹിംഗ്യ എന്ന പദം ഉപയോഗിക്കുന്നത്.
നേരത്തെ മ്യാൻമറില്‍ വച്ച് അദ്ദേഹം ഒരിടത്തുപോലും രോഹിംഗ്യകളുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതില്‍ ഒരു വിഭാഗം ആളുകളില്‍ നിന്ന് മാര്‍പാപ്പയെക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രോഹിംഗ്യന്‍ ജനതയ്ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളില്‍ മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ഏറെ ശ്രദ്ധയോടെയാണ് ലോകജനത വീക്ഷിച്ചിരുന്നത്.

ധാക്കയിലെത്തിയ മാര്‍പാപ്പ രോഹിംഗ്യകളുമായി സംസാരിച്ചു. നിങ്ങള്‍ നേരിടുന്ന ദുരന്തങ്ങളുടെ വ്യാപ്തി ഏറെയാണെന്നും നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ ഇടമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. നിങ്ങളെ ഉപദ്രവിച്ചവരോട് ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് മാര്‍പാപ്പ പറഞ്ഞു. അഭയം നല്‍കിയ ബംഗ്ലാദേശിന്റെ വലിയ മനസിന് പലരും നന്ദി പറഞ്ഞെന്ന് മാര്‍പാപ്പ പറഞ്ഞു. ആറു ലക്ഷത്തിലധികം രോഹിംഗ്യകളാണ് മ്യാന്‍മറില്‍ നേരിട്ട പീഡനങ്ങള്‍ക്ക് പിന്നാലെ ബംഗ്ലാദേശിലേയ്ക്ക് പാലായനം ചെയതത്.
രോഹിംഗ്യന്‍ അഭയാര്‍ത്ഥികളോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്ത മാര്‍പാപ്പ അവരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തത് ഏറെ പേര്‍ക്ക് ആശ്വാസകരമായി.
