350 രൂപയാണ് ഇപ്പോഴത്തെ വില.

വയനാട്: ജില്ലയുടെ കാര്‍ഷികമേഖലയെ വരള്‍ച്ച പിടിമുറുക്കുന്നതിനോടൊപ്പം കറുത്ത പൊന്നിന്റെ മാറ്റ് കുറയുന്നതും കര്‍ഷകരില്‍ ആശങ്ക പടര്‍ത്തുന്നു. മൂന്നുവര്‍ഷം മുമ്പ് ഇതേ കാലയളവില്‍ റെക്കോര്‍ഡ് വിലയായ 730 രേഖപ്പെടുത്തിയ സ്ഥാനത്ത് 350 രൂപയാണ് ഇപ്പോഴത്തെ വില. ഈ വര്‍ഷം ജനുവരിയില്‍ കിലോയ്ക്ക് 460 രൂപവരെ ലഭിച്ച സ്ഥാനത്താണ് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും വില ഇത്രയും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയും 610 രൂപ വരെ വില ലഭിച്ചിരുന്നു. 

വില ഒറ്റയടിക്ക് താഴ്ന്നതോടെ കൂടിയ വിലക്ക് കുരുമുളക് സംഭരിച്ച ചെറുകിട കച്ചവടക്കാര്‍ അക്ഷരാര്‍ഥത്തില്‍ വെട്ടിലായിരിക്കുകയാണ്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് മിക്ക കച്ചവടക്കാര്‍ക്കും ഉണ്ടായിരിക്കുന്നത്. ഇറക്കുമതിക്ക് പുറമെ നോട്ട് നിരോധനവും പിന്നാലെ എത്തിയ ജി.എസ്.ടിയുമാണ് കുരുമുളക് വിപണിയെ തകര്‍ത്തതെന്ന് വ്യാപാരികള്‍ പറയുന്നു. 

വിലത്തകര്‍ച്ച രൂക്ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാമി 500 രൂപ തറവില നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് കച്ചവടക്കാരാരും തങ്ങളില്‍ നിന്ന് കുരമുളക് വാങ്ങുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തറവില നിശ്ചയിച്ച് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു. 

അതേ സമയം ഇറക്കുമതി തടയാന്‍ ഫലപ്രദമായ നടപടി ഉണ്ടാകാത്തിടത്തോളം കാലം എത്ര നല്ലയിനം കുരുമുളകിനും വരുംകാലങ്ങളില്‍ വില കുറയുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. വയനാട്ടില്‍ പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയിലാണ് കേരളത്തില്‍ തന്നെ മുന്തിയ ഇനം കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ കൂലിചെലവും വരവും ഒത്തുപോകാതെ വന്നതിനാല്‍ മിക്ക കര്‍ഷകരും കുരുമുളക് കൃഷിയെ കൈയ്യൊഴിഞ്ഞ മട്ടാണ്.