സെറ്റ്പീസ് തന്ത്രങ്ങളിലൂടെ മുന്നേറ്റം നടത്തിയ ഇംഗ്ലണ്ടിന് ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല

മോസ്കോ: ഹാരി കെയ്നും സംഘവും ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. 1966ന് ശേഷം ലോകകപ്പ് കിരീടം ഇത്തവണ നാട്ടിലെത്തിക്കാമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇന്ന് ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നു ഗാരത് സൗത്ത് ഗേറ്റിന്‍റെ ശിക്ഷണത്തില്‍ എത്തുന്ന ടീമിന്‍റെ മനസിലുണ്ടാലവില്ല.

പക്ഷേ, മറുവശത്ത് ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും അണിനിരക്കുന്ന മധ്യനിര ഇംഗ്ലീഷുകാര്‍ക്ക് വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്. എന്നാല്‍, ഇരുവരെയുമല്ല ഇംഗ്ലീഷ് പട ശരിക്കും പേടിക്കുന്നത്. മികച്ച താരങ്ങള്‍ പലരും പലരും എതിര്‍ ചേരിയിലുണ്ടെങ്കിലും ഇന്ന് മത്സരം നിയന്ത്രിക്കുന്ന റഫറി ജുനൈറ്റ് ചാക്കിർ ആണ് ഇംഗ്ലീഷ് പടയുടെ പേടി സ്വപ്നം.

ചാക്കിറിന് ഇംഗ്ലീഷ് താരങ്ങളോട് വിരോധമുണ്ടെന്നാണ് രാജ്യത്തുയരുന്ന പ്രധാന ആക്ഷേപം. ജോൺ ടെറി, ഗാരി കാഹിൽ, സ്റ്റീവൻ ജെറാർഡ് എന്നിങ്ങനെ ഇംഗ്ലണ്ടിന്‍റെ മികച്ച താരങ്ങളുടെ നിര തന്നെയുണ്ട്, ചാക്കിര്‍ ചുവപ്പ് കാര്‍ഡ് നല്‍കി കളത്തിന് പുറത്താക്കിയവരില്‍.2012 ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ചെൽസിക്കായി കളിക്കവേയാണ് ടെറിക്കാണ് ആദ്യം കാര്‍ഡ് കിട്ടിയത്.

അതേ വർഷം നടന്ന ക്ലബ് ലോകകപ്പിൽ ചെൽസിക്കായി കളിച്ച ഗാരി കാഹിലും ചുവപ്പ് കാർഡ് വാങ്ങി. മൈതാനത്തെ മാന്യമുഖമായ സ്റ്റീവൻ ജെറാർഡിന് ചുവപ്പുകാർഡ് നൽകിയത് കളത്തിലിറങ്ങി 38-ാം സെക്കണ്ടിലാണ്. യുണൈറ്റഡിന്‍റെ ഹെരേരയായിരുന്നു ഇര. പ്രീമിയർ ലീഗിൽ യുണൈറ്റഡ് താരം നാനിയെ പുറത്തേക്കയച്ചതിന്‍റെ പേരിൽ സർ അലക്സ് ഫെർഗൂസനായി കൊമ്പ് കോർത്തും ഇംഗ്ലീഷുകാർക്കിടയിൽ ചാക്കിറിനെ അപ്രീയനാക്കി.

പക്ഷെ വിമർശനങ്ങൾക്കെല്ലാം മുന്നിൽ തക്കതായ കാരണങ്ങൾ നിരത്താനുണ്ടായിരുന്നു റഫറിക്ക്. ഇതൊക്കെ ക്ലബ് മത്സരങ്ങളിലെ കഥ. ചാക്കിർ നിയന്ത്രിച്ച അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിലും ഇംഗ്ലണ്ട് തോറ്റിട്ടില്ലെന്നതാണ് ചരിത്രം. താരങ്ങൾക്ക് റഫറി വില്ലനാണെങ്കിലും ടീമിന് ഭാഗ്യമാണെന്ന് ചുരുക്കം.