ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് കാണിച്ചിട്ടും തങ്ങളുടെ നിലപാട് മാറ്റാന്‍ യാചക പുനരധിവാസ കേന്ദ്രം അധികൃതർ തയ്യാറായില്ല.

തിരുവനന്തപുരം: നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രം അധികൃതർ തെരുവിൽ കാണാതെ പോകുന്ന യാചകരെ സന്നദ്ധ സംഘടനകൾ കണ്ടെത്തി പുനരാധിവാസ കേന്ദ്രത്തിൽ എത്തിച്ചാൽ ഉൾകൊള്ളിക്കാൻ സാധിക്കില്ലെന്ന് അധികൃതർ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് കാണിച്ചിട്ടും തങ്ങളുടെ നിലപാട് മാറ്റാന്‍ യാചക പുനരധിവാസ കേന്ദ്രം അധികൃതർ തയ്യാറായില്ല. ഇന്നലെ തലസ്ഥാനത്താണ് സംഭവം. 

എസ്.പി ഫോർട്ട് ആശുപത്രിക്ക് മുന്നിൽ തെരുവിൽ ഭിക്ഷ യാചിച്ചു നടന്നയാൾ അവശനിലയിൽ കിടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജ്വാല ഫൗണ്ടേഷൻ അധികൃതർ സ്ഥലത്തെത്തിയത്. പൊലീസിന്റെ കൂടി സഹായത്തോടെ അവശനിലയിൽ കിടന്ന ആളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം തെരുവിൽ നിന്നും കണ്ടെത്തിയ ആളുമായി ജ്വാല ഫൗണ്ടേഷൻ അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥനുമായി കല്ലടിമുഖത്തെ നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രത്തിലെത്തി. 

എന്നാൽ തങ്ങൾ കണ്ടെത്തുന്ന യാചകരെ മാത്രമേ പുനരധിവസിപ്പിക്കാൻ സാധിക്കൂവെന്ന് അധികൃതർ ഇവരോട് പറഞ്ഞു. രാത്രി മറ്റുമാർഗങ്ങൾ ഇല്ലാതെ ഏറെ നേരം സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. ജ്വാല ഫൗണ്ടേഷൻ അധികൃതർ നഗരസഭ മേയറെ ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്ന് പറയുന്നു. വിവരം അറിഞ്ഞ് മാധ്യമങ്ങൾ സ്ഥലത്തെത്തിയതോടെ യാചക പുനരധിവാസ കേന്ദ്രം അധികൃതർ ഇയാളെ ഒരു ദിവസത്തേക്ക് പ്രവിശിപ്പിക്കാമെന്ന് സമ്മതിച്ചു. സി.ജെ.എമ്മിന്റെ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യുമെന്നും അധികൃതർ പറഞ്ഞതായി ജ്വാല ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു