തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് പലരും പലതും സമ്മാനമായും കാണിക്കയായും നല്‍കാറുണ്ട്. പക്ഷേ ക്ഷേത്രത്തിലേക്ക് ഇന്ന് എത്തിയത് ഒരു യന്ത്രമാണ്. അതും ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്ന്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ കളഭം ചാര്‍ത്താന്‍ ആവശ്യമായ ചന്ദനം ഇനി ഈ യന്ത്രം അരയ്ക്കും.

കല്ലിനു താഴെയുള്ള പാത്രത്തില്‍ വെള്ളം നിറയ്കണം. യന്ത്രത്തില്‍ ഘടിപ്പിച്ച കല്ലിനോട് ചന്ദനം ചേര്‍ത്തുവെച്ച് പ്രഷര്‍ ലിവര്‍ മുറുക്കണം. ഭംഗിയായി അരച്ച ചന്ദനം കയ്യിലും കിട്ടും. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. അനുരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധനാണ് യന്ത്രം നിര്‍മ്മിച്ചത്. ജേഷ്ഠ്യന്‍ എ. സമ്പത്ത് ആവട്ടെ എം.പിയും. കമ്യൂണിസ്റ്റ് തറവാട്ടില്‍ നിന്ന് സൗജന്യമായി ക്ഷേത്രത്തിലെ നിത്യ ചടങ്ങിനുള്ള യന്ത്രം വിവാദം കൂടെ അരക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ മറുപടിക്കും യന്ത്ര വേഗം. അച്ഛന്‍ ചെയ്യുന്നതെല്ലാം മകന്‍ ചെയ്യണമെന്നില്ല. ആ പ്രത്യയശാസ്ത്രം അങ്ങനെ അടിച്ചേല്‍പ്പിക്കുന്ന സംസ്‌കാരം ഞങ്ങളുടെ കുടുംബത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആറുമാസം കൊണ്ടാണ് യന്ത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടുലക്ഷത്തോളം രൂപയാണ് ചിലവ്. 100 കിലോ ഭാരമുണ്ട് യന്ത്രത്തിന്. യഥേഷ്ടം എങ്ങോട്ടു വേണമെങ്കിലും നീക്കാം. വൃത്തി മുന്‍ നിര്‍ത്തി ഫുഡ് ഗ്രേഡ് സ്‌റ്റൈലസ്റ്റീനാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.