ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആസ്ഥാനമായ ട്രംപ് ടവറിന്റെ ഗ്ലാസ് ഭിത്തിയിലൂടെ വലിഞ്ഞുകയറിയ യുവാവിനെ ന്യൂയോര്‍ക്ക് പൊലീസ് പിടികൂടി. അമ്പത്തിയെട്ട് നിലകളുള്ള കെട്ടിടത്തിന്റെ ഇരുപത്തിയൊന്നാം നില വരെ കയറിയ ഇരുപതുകാരനാണ് പിടിയിലായത്. മൂന്നുമണിക്കൂറോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ന്യൂജന്‍ സ്പൈഡര്‍മാനെ കെട്ടിടത്തിന്റെ ജനാല തകര്‍ത്താണ് പിടികൂടിയത്.

പിടികൂടാന്‍ ശ്രമിച്ച പൊലീസിനെ നാടകീയമായി കബളപ്പിച്ചായിരുന്നു വിര്‍ജീനിയക്കാരനായ യുവാവ് ഇരുപത്തിയൊന്നാം നിലവരെ എത്തിയത്. കയറും സക്ഷന്‍ കപ്പും ഉപയോഗിച്ചായിരുന്നു ഗ്ലാസിലൂടെയുള്ള കയറ്റം. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ വഴിമാറി കയറ്റം തുടര്‍ന്നു. സ്പൈഡര്‍മാന്‍റെ കയറ്റം കാണാന്‍ ടവറിനു ചുറ്റും ജനം തടിച്ചുകൂടി.

ഇങ്ങനെ 21-ാം നിലയില്‍ എത്തിയപ്പോള്‍ പൊലീസ് തന്ത്രപൂര്‍വ്വം യുവാവിനെ കെട്ടിടത്തിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നു. യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെ കാണാനാണ് യുവാവ് എത്തിയതെന്നും ആക്രമണം നടത്താന്‍ പദ്ധതിയില്ലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

താന്‍ ഇന്‍ഡിപെന്‍ഡന്റ് റിസര്‍ച്ചറാണെന്നും ട്രംപിന് പ്രധാനപ്പെട്ട ഒരു സന്ദേശം കൈമാറാനുണ്ടെന്നും കഴിഞ്ഞയാഴ്ച യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തതതിന്‍റെ പിന്നാലെയാണ് ഇയാള്‍ സ്പൈഡര്‍മാനായതെന്നും പൊലീസ് വിശദീകരിക്കുന്നു.