ന്യൂഡൽഹി: പ്രതിവർഷം നൂറിലധികം സൈനികർ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട്. ആത്മഹത്യയോടൊപ്പം സഹസൈനികരെ കൊലപ്പെടുത്തിയ സംഭവങ്ങളുമടക്കമാണ് ഇത്രയും മരണങ്ങൾ ഓരോ വരഷവും നടക്കുന്നത്. ചൊവ്വാഴ്ച പാർലമെന്റിൽ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വരഷം ഇതുവരെ 44 ആത്മഹത്യകളാണ് നടന്നത്. ഒരു സൈനികനെ മറ്റൊരു സൈനികൻ കൊലപ്പെടുത്തുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്‌ പ്രകാരം ഒമ്പത് സൈനിക ഉദ്യോഗസ്ഥര്‍, 19 ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 310 സൈനികര്‍ 2014നു ശേഷം ആത്മഹത്യ ചെയ്‌തതിട്ടുണ്ട്‌. 2014ല്‍ 84 സൈനികരും, 2015ല്‍ 78 സൈനികരും, 2016ല്‍ 104 സൈനികരുമാണ്‌ ആത്മഹത്യ ചെയ്‌തത്‌

സൈനികരുടെ മാനസിക സമ്മർദ്ദം വർധിക്കുന്നതാണ് ആത്മഹത്യയിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മിരടക്കമുള്ള നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സൈനികർ‍ ശാരീരികവും മാനസികവുമായ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. കുറഞ്ഞ ശമ്പളം, മേലുദ്യേ​ഗസ്ഥരുടെ പീഡനം, ജോലിഭാരം, അവധി ലഭിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങളും വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

സൈനികരുടെ മാനസിക സമ്മരദ്ദം കുറയ്ക്കാനായി സൈന്യത്തിന് പുറത്തുനിന്നുള്ളവരടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം നിരവധി സൈനിക ഉദ്യോഗസ്ഥർക്ക് കൗണസിലിങ്ങിൽ പരിശീലനം നലകിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കുടുംബത്തെ ജോലിസ്ഥലത്ത് താമസിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി. തൊഴിൽ സാഹചര്യം പരമാവധി സ്വതന്ത്രമാക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യം കാക്കുന്ന സൈനികർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.