അബുദാബി ബറഖയില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് രാജ്യത്ത് ഇപ്രാവശ്യം അനുഭവപ്പെട്ട ഏറ്റവും കൂടിയ താപനില.

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. നിരവധി വാഹനാപകടങ്ങള്‍ എമിറേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടുദിവസം കൂടി കാലാവസ്ഥ മോശമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

പുലര്‍ച്ചെ വീശിതുടങ്ങിയ പൊടിക്കാറ്റ് ഇതുവരെ അടങ്ങിയില്ല. പുറം ജോലികളില്‍ ഏര്‍പ്പെട്ടവരെ കാറ്റ് കാര്യമായി ബാധിച്ചു. പലയിടത്തും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് അകലുന്നതോടെ രാജ്യത്ത് ചൂടു കൂടാനാണ് സാധ്യത. അബുദാബി ബറഖയില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് രാജ്യത്ത് ഇപ്രാവശ്യം അനുഭവപ്പെട്ട ഏറ്റവും കൂടിയ താപനില.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും വടക്കു പടിഞ്ഞാറു വീശുന്ന ശമ്മല്‍ സീസണാണ് അസ്ഥിര കാലാവസ്ഥയ്ക്ക് കാരണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സീസണില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ പൊടിക്കാറ്റും കടല്‍ക്ഷോഭവുമുണ്ടാകും. സൗദി അറേബ്യയില്‍ നിന്നാണ് ശമ്മല്‍ സീസണ്‍ യുഎഇ തീരത്തെത്തിയത്. ചൊവ്വാഴ്ചവരെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരും. അതേസമയം ഇതേ ദിവസങ്ങളില്‍ ചൂട് കൂടാനും സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി അറിയിച്ചു.