നഗരസഭാ ചെയര്‍മാന്‍ എസ്.ഗിരീഷ് ഇന്നലെ രാജിവച്ചതോടെയാണ് പ്രാദേശിക സഖ്യകക്ഷിയായ തിരൂര്‍ വികസന മുന്നണിക്ക് തിരൂര്‍ നഗരസഭയില്‍ അധികാരത്തിന് വഴി ഒരുങ്ങിയത്.

മലപ്പുറം: തിരൂരില്‍ പ്രാദേശിക സഖ്യകക്ഷിയായ തിരൂര്‍ വികസന മുന്നണിക്ക് അധികാരത്തിലെത്താന്‍ അവസരമൊരുങ്ങുന്നു. ഇടതുമുന്നണിയിലെ ധാരണപ്രകാരം സി.പി.എം നേതാവായ നഗരസഭാ ചെയര്‍മാന്‍ രാജിവച്ചതോടെയാണ് ഇത്.

നഗരസഭാ ചെയര്‍മാന്‍ എസ്.ഗിരീഷ് ഇന്നലെ രാജിവച്ചതോടെയാണ് പ്രാദേശിക സഖ്യകക്ഷിയായ തിരൂര്‍ വികസന മുന്നണിക്ക് തിരൂര്‍ നഗരസഭയില്‍ അധികാരത്തിന് വഴി ഒരുങ്ങിയത്. ഇടതുമുന്നണിയിലെ ധാരണപ്രകാരമാണ് സി.പി.എം നഗരസഭാ ഭരണം വികസന മുന്നണിക്ക് വിട്ടുനല്‍കിയത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ആദ്യ രണ്ട് വര്‍ഷം സി.പി.എമ്മിനും പിന്നീട് രണ്ട് വര്‍ഷം വികസനമുന്നണിക്കും ഭരണം എന്നതായിരുന്നു അധികാരം പങ്കിടുന്നതു സംബന്ധിച്ച് ഇടതുമുന്നണിയിലെ ധാരണ.

അവസാന ഒരു വര്‍ഷം വീണ്ടും ഭരണം സി.പി.എമ്മിനെന്നും ധാരണയുണ്ടായിരുന്നു. സി.പി.എം വികസന മുന്നണി സഖ്യം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഗരസഭയില്‍ ഭരണം നേടിയത്. ധാരണ പാലിക്കാതെ അധികാരം ഒഴിയുന്നത് സി.പി.എം വൈകിപ്പിക്കുന്നുവെന്ന പരാതി വികസനമുന്നണിക്ക് ഉണ്ടായിരുന്നു.അവര്‍ കര്‍ശന നിലപാടിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയതോടെയാണ് ഭരണം വച്ചുമാറാന്‍ സി.പി.എം സമ്മതിച്ചത്.

ഇതിനിടയില്‍ ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷമുള്ള ഇടതുമുന്നണിവികസന മുന്നണി സഖ്യത്തെ പുറത്താക്കി പുതിയ സാഹചര്യത്തില്‍ അധികാരം പിടിക്കാന്‍ കഴിയുമോയെന്ന് യു.ഡി.എഫും നോക്കുന്നുണ്ട്. ഒരംഗമുള്ള ബി.ജെ.പിയും നഗരസഭ ഭരണത്തില്‍ നിര്‍ണ്ണായകമാണ്.