ചെന്നൈ മധുരവയല്‍ പല്ലവ നഗര്‍ സ്വദേശി ശരവണന്‍ (33) ആണ് ആറ്റില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.

ഇടുക്കി: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും മറയൂര്‍ കാന്തല്ലൂര്‍ മേഖല സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരി ആറ്റില്‍ മുങ്ങിമരിച്ചു. ചെന്നൈ മധുരവയല്‍ പല്ലവ നഗര്‍ സ്വദേശി ശരവണന്‍ (33) ആണ് ആറ്റില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ചെന്നൈയില്‍ നിന്നും ശരവണന്‍ സുഹ്രുത്തുക്കളായ വിനോദ്, സുദര്‍ശനന്‍, ചാര്‍ലസ് എന്ന് വിളിക്കുന്ന നീതീഷ്, സതീഷ്, ലൂക്ക് എന്നിവരടങ്ങുന്ന ആറംഗ സംഘം ശനിയാഴ്ച്ച രാവിലെ മറയൂരിലെത്തിയത്. ശനിയാഴ്ച്ച രാത്രി ഇവിടെ തങ്ങിയ ശേഷം രാവിലെ പതിനൊന്നരയോടെയാണ് മറയൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പാമ്പാറിന്റെ കൈവഴിയായ മൈലാടി ആറ്റിലെ പന്നിക്കയം ഭാഗത്ത് എത്തിയത്. 

ഇവിടെയിരുന്ന് ഭക്ഷണം കഴിച്ച് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ശരവണന്‍ ആറ്റിലേക്ക് മുങ്ങി താഴ്ന്നത്. ശരവണനോടൊപ്പം ഉണ്ടായിരുന്ന വിനോദ് പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പാമ്പാറ്റിലെ ഏറ്റവും അപകടം നിറഞ്ഞ ഭാഗത്താണ് യുവാക്കള്‍ കുളിക്കാന്‍ ഇറങ്ങിയത്. ശരവണന്‍ മുങ്ങി താഴ്ന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഓടിയെത്തി സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികളോട് സഹായം ആവശ്യപ്പെടുകയായിരുന്നു.

ഇവര്‍ മറയൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മഴയും ആഴക്കൂടുതലും കാരണം രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറയൂര്‍ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും ഫയര്‍ ആന്റ് റസ്‌ക്യൂ ടീമെത്തിയാണ് ഒരുമണിക്കൂര്‍ നേരത്തെ പരിശ്രമത്തെ തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയത്. മറയൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍.രാജന്റെ നേതൃത്വത്തിലൂള്ള പോലീസ് സംഘം മൃതദേഹം മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. ചെന്നൈ ഹൈക്കോടതിയിലെ അഡ്വ ക്കേറ്റാണ് മുങ്ങി മരിച്ച ശരവണന്‍. പിതാവ്: താണ്ടവന്‍, മാതാവ്, സ്വയംഭകനി, സഹോദരന്‍: കണ്ണന്‍. ചെന്നൈ സ്വദേശിയായ സിംഗയാണ് ഭാര്യ.