സ്ഥലം മാറ്റിയ ഡോക്ടർമാർ നിപ ബാധിതരെ ചികിത്സിച്ചിരുന്നു.

കോഴിക്കോട്: നിപ ബാധ പടരുന്നതിനിടെ പേരാമ്പ്രയിലെ ഡോക്ടര്‍മാരെ സ്ഥലം മാറ്റി. എന്നാല്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്ക് സ്ഥലംമാറ്റാറ്റിയത് ജോലി ക്രമീകരണമെന്ന് മാത്രമാണെന്ന് വിശദീകരണം. സ്ഥലം മാറ്റിയ ഡോക്ടർമാർ നിപ ബാധിതരെ ചികിത്സിച്ചിരുന്നു. ഇവരും ആരോഗ്യ വകുപ്പിന് നിരീക്ഷണത്തിലുള്ളവരാണ്. മലയോര മേഖലയിലെ തന്നെ മറ്റൊരാശുപത്രിയിലേക്കാണ് ഡോക്ടർമാരെ മാറ്റുന്നത്.

ഇതിനിടെ ചങ്ങരോത്ത് നിപ ബാധിച്ച് ആദ്യം മരണപ്പെട്ട വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലേക്ക് പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍. സാബിത്തിന്റെ യാത്രയുടെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിദേശത്ത് നിന്നാണ് നിപ വൈറസ് കോഴിക്കോട് എത്തിയതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെ സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു.

പാസ്പോർട്ട് രേഖ അനുസരിച്ച് സാബിത്ത് ദുബായിലേക്കാണ് യാത്ര ചെയ്തത്. 2017 ഫെബ്രുവരി 13ന് ദുബായിലേക്ക് പോയ സാബിത്ത് ആറു മാസക്കാലം അവിടെയുണ്ടായിരുന്നു. 2017 ഒക്ടോബറില്‍ തിരിച്ചെത്തി. ബന്ധുക്കൾ പുറത്തുവിട്ട രേഖകൾ പ്രകാരം സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തതിന് തെളിവില്ല. സാബിത്ത് മലേഷ്യയിലേക്ക് പോയിരുന്നുവെന്നും അവിടെ നിന്ന് തിരിച്ചുവന്നപ്പോള്‍ ഉദര രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നുമാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. സാബിത്തും പിതാവും സഹോദരനും ചേര്‍ന്ന് വൃത്തിയാക്കിയെന്ന് പറയപ്പെടുന്ന കിണറ്റില്‍ നിന്ന് പിടിച്ച വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിദേശത്ത് നിന്നാണ് വൈറസ് കോഴിക്കോട് എത്തിയതെന്ന പ്രചാരണം വീണ്ടും ശക്തമായി. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

വവ്വാലുകളില്‍ നിന്ന് തന്നെയാണ് നിപ വൈറസ് ബാധിച്ചതെന്ന നിഗമത്തിലാണ് ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും. കഴിഞ്ഞ ദിവസം കിണറ്റില്‍ നിന്ന് പിടിച്ചത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളെയായിരുന്നു. ഇവ നിപ വൈറസ് വാഹകരാവാറില്ല. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളിലാണ് ലോകത്ത് മറ്റിടങ്ങളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. പ്രദേശത്ത് നിന്ന് ഇത്തരം വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇതില്‍ തന്നെ രോഗവാഹികളായ വവ്വാലുകളെ പിടികൂടാന്‍ കഴിയുമെന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.